
എവിടെയാണ് തോൽക്കുന്നത് അവിടം വരെ പഠിപ്പിക്കണമെന്ന് മാഷ് അമ്മയോട് പറഞ്ഞുവെന്നുള്ള രസകരമായ നിമിഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. തന്നെ വളർത്തുന്നതിലും പഠിപ്പിക്കുന്നതിലും അമ്മ വലിയൊരു തണലായി നിന്നിരുന്നു. അമ്മ പതിനാല് കുട്ടികളെ പ്രസവിച്ചുവെങ്കിലും താനും രണ്ട് മൂത്ത സഹോദരങ്ങളും ഒഴികെ ബാക്കിയുള്ളവർ ചെറിയ പ്രായത്തിൽ തന്നെ മരിച്ചു. അമ്മയ്ക്ക് ഈശ്വരവിശ്വാസവും അന്നത്തെ കാലത്തെ ഭൂതപ്രേത കാര്യങ്ങളിൽ വലിയ വിശ്വാസവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ചാം ക്ലാസ് കഴിയുമ്പോൾ കുട്ടികൾ പഠനം നിർത്തി ബീഡി തെറുക്കാൻ പോകുന്നതായിരുന്നു അന്നത്തെ നാട്ടിലെ പതിവ്. എന്നാൽ തൻ്റെ സ്കൂളിലെ പ്രധാനാധ്യാപകൻ പഠിക്കട്ടെയെന്ന് നിർദ്ദേശിച്ചു. യുപി സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന മുൻഷി മാഷ് തൻ്റെ ജാതകം നോക്കുകയും “ഇവൻ എവിടെയാണോ തോൽക്കുന്നത് അവിടം വരെ പഠിപ്പിക്കണം” എന്ന് അമ്മയോട് പറയുകയും ചെയ്തുവെന്ന് അദ്ദേഹം ഓർത്തു. തോൽക്കുന്നത് വരെ പഠനം തുടരാനുള്ള ഈ നിർദ്ദേശമാണ് വിദ്യാഭ്യാസത്തിൽ വഴിത്തിരിവായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീട്ടിൽ നിന്നോ അയൽപക്കങ്ങളിൽ നിന്നോ പഠനത്തിന് മറ്റ് സഹായങ്ങളൊന്നും ലഭ്യമല്ലാതിരുന്നിട്ടും, എട്ടാം ക്ലാസ്സിലെ പബ്ലിക് പരീക്ഷയായ ഇഎസ്എൽസി (ESLC) വിജയിച്ച മൂന്ന് കുട്ടികളിൽ ഒരാളായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ കാലത്ത് പഠനത്തിന് പിന്തുണ കുറവായിരുന്നെങ്കിലും നാട്ടുകാർ എല്ലാവരും വളരെ സ്നേഹസമ്പന്നരായിരുന്നു എന്ന് മുഖ്യമന്ത്രി ഓർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

