
2016-ന് മുമ്പുള്ള സ്തംഭനാവസ്ഥയിൽ നിന്ന് കേരളം വലിയ പുരോഗതിയിലേക്ക് മാറിയതായും എന്നാൽ ഇതിനെ കേന്ദ്ര സർക്കാർ പകയോടെയാണ് സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസന മുരടിപ്പും നിരാശയും നിറഞ്ഞ ഒരവസ്ഥയിൽ നിന്നാണ് 2016-ന് ശേഷം സംസ്ഥാനം മാറ്റത്തിന്റെ പാതയിലേക്ക് നീങ്ങിയത്. വാഗ്ദാനങ്ങൾ പാലിച്ച സർക്കാർ 2016-ലെ എൽഡിഎഫ് പ്രകടന പത്രികയിലെ 600 ഇന പരിപാടികളിൽ വിരലിലെണ്ണാവുന്നവ ഒഴികെ ബാക്കിയെല്ലാം നടപ്പാക്കി.
ഇന്ത്യയിലെ ജനാധിപത്യ ചരിത്രത്തിൽ തന്നെ ആദ്യമായി, സർക്കാർ തങ്ങളുടെ പ്രവർത്തനങ്ങൾ എത്രത്തോളം നടപ്പിലാക്കി എന്ന് വ്യക്തമാക്കുന്ന ‘പ്രോഗ്രസ് റിപ്പോർട്ട്’ ഓരോ വർഷവും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഇത് ഭരണസംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം വർദ്ധിപ്പിച്ചു. ഓഖി, നിപ്പ, നൂറ്റാണ്ടിലെ മഹാപ്രളയം, കോവിഡ് മഹാമാരി തുടങ്ങി നിരവധി വെല്ലുവിളികൾ കേരളത്തിന് നേരിടേണ്ടി വന്നു. സാധാരണ ഗതിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ സഹായിക്കാറുണ്ടെങ്കിലും കേരളത്തോട് കേന്ദ്രം പ്രത്യേക പകയോടെയാണ് പെരുമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ തയ്യാറായ വിദേശ രാജ്യങ്ങളെപ്പോലും കേന്ദ്രം തടഞ്ഞത് ഈ പകയുടെ ഭാഗമായാണ്.
Also read: ഏത് പ്രതിസന്ധി ഉണ്ടെങ്കിലും അത് തട്ടിമാറ്റി ഫലപ്രാപ്തിയിൽ എത്തിക്കുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാർ: മന്ത്രി മുഹമ്മദ് റിയാസ്
രാഷ്ട്രീയ പകപോക്കലിന് പിന്നിൽ കേരളം മതനിരപേക്ഷതയുടെ വിളനിലമായതിനാലും വർഗീയതയെ ശക്തമായി എതിർക്കുന്നതിനാലും ബിജെപിയെയും ആർഎസ്എസിനെയും ഇവിടുത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നതുമാണ്. ഏത് വേഷത്തിൽ വന്നാലും വർഗീയ ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തുന്ന കേരളത്തിലെ ജനങ്ങളോടുള്ള വിരോധമാണ് കേന്ദ്രത്തിൻ്റെ അവഗണനയ്ക്ക് പിന്നിലെ പ്രധാന കാരണം. എന്നാൽ കേന്ദ്ര സഹായം നിഷേധിക്കപ്പെട്ടിട്ടും ഇത്തരം കഠിനമായ വെല്ലുവിളികളെ കേരളം അതിജീവിച്ചത് ലോകം അത്ഭുതത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

