
അന്തരിച്ച സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ കെ എം സുധാകരന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രക്ഷോഭകാരിയായ മുതിർന്ന നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിൽ സംഘടിത തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പെടുക്കാൻ നിർണായക പങ്ക് വഹിച്ച തലമുറയിലെ കണ്ണിയാണ് കെ എം സുധാകരൻ എന്നും മുഖ്യമന്ത്രി ഓർമ്മിച്ചു.
അടിസ്ഥാന വർഗത്തിൽ നിന്ന് ഉയർന്ന് വന്ന അദ്ദേഹം നിരവധി തൊഴിലാളി സമരങ്ങളിലെ മുൻനിര പോരാളിയായിരുന്നു. ട്രേഡ് യൂണിയൻ രംഗത്ത്, വിശേഷിച്ച് ചെത്തുതൊഴിലാളി മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. തൊഴിൽ നിയമങ്ങളിലുള്ള സുധാകരൻ്റെ വിജ്ഞാനം സങ്കീർണ്ണമായ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
അതേസമയം തൊഴിലാളി സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെ എം സുധാകരൻ എന്ന് എം വി ഗോവിന്ദൻ മാസ്റ്ററും അനുസ്മരിച്ചു. എണ്ണിയാലൊടുങ്ങാത്ത സമരങ്ങളുടെ അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു എന്നും തന്റെ ജീവിതം തൊഴിലാളികളെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനായി അദ്ദേഹം ഉഴിഞ്ഞുവെച്ചു എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

