
എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കി യാത്രയായ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യുട്ടി പ്രിസണ്‍ ഓഫീസര്‍ അനീഷ് എ ആറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അനീഷിന്റെ വിയോഗത്തിന്റെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ മാനവികതയുടെ വലിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിൻ്റെ പൂർണ രൂപം:
ശബരിമല ദർശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ് എ ആറിന്റെ വിയോഗം ഏറെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്. അനീഷിന്റെ വിയോഗത്തിന്റെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ മാനവികതയുടെ വലിയൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. അനീഷിന് ആദരാഞ്ജലികൾ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ഒക്ടോബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ രാത്രി 8.30 മണിയോടെ അനീഷ് പമ്പയില്‍ വച്ച് തലയിടിച്ച് വീഴുകയും ഗുരുതരമായി പരിക്കേല്‍കുകയും ചെയ്തു. ഉടന്‍ തന്നെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഒക്ടോബര്‍ 22ന് അനീഷിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളാണ് അവയവദാനത്തിന് സന്നദ്ധരായത്. അനീഷിന്റെ അമ്മ അംബിക കുമാരി, സഹോദരിമാർ എ ആര്‍ ലക്ഷ്മി, എ ആര്‍ അഞ്ജു എ.ആര്‍ എന്നിവരാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

