
കേന്ദ്രം മൂലം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ച് അവർ ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പൊതുവായ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും ഒപ്പം നിൽക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നയങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കാളികളാകാൻ പ്രതിപക്ഷം തയ്യാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളം സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ദേശീയ നേതാക്കളെ ക്ഷണിച്ചപ്പോൾ, അവർ വരരുത് എന്ന നിലപാടാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. കേരളത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം അതിനെതിരായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന് എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ ഗവൺമെന്റിനോടാണ് വിയോജിക്കേണ്ടതെന്നും എന്നാൽ നാടിന്റെ നേട്ടങ്ങളോടും സമാധാന അന്തരീക്ഷത്തോടും പുറംതിരിഞ്ഞു നിൽക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ വർഗീയ സംഘടനകൾ ഉണ്ടെങ്കിലും അവർക്ക് വിചാരിച്ചതുപോലെ തല പൊക്കാൻ കഴിയുന്നില്ല. വർഗീയ സംഘർഷങ്ങളിൽ ഏർപ്പെടുന്നവർ ഏത് വിഭാഗമായാലും അവരെ കർക്കശമായി നേരിടുന്ന ഗവൺമെന്റ് സമീപനമാണ് അവരെ തടഞ്ഞു നിർത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതംഗീകരിക്കാൻ പ്രതിപക്ഷ നേതാവിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവൺമെന്റിനെ കുറ്റപ്പെടുത്തുന്നതിൽ തെറ്റില്ല. പക്ഷേ നാട് കൊള്ളാത്തതാണെന്ന രീതിയിൽ നാടിന്റെ അന്തരീക്ഷത്തെ തകർക്കുന്ന തരത്തിലുള്ള പ്രചാരണം ഒഴിവാക്കേണ്ടതാണെന്നും കേരളത്തെ ഇകഴ്ത്തി കാണിക്കുന്നത് നാടിന്റെ പൊതുവായ അഭിവൃദ്ധിയെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

