
രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധിയിൽ തുടരുകയാണെന്നും കർഷകരെ പാടെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകളാണ് ഇതിന് കാരണമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഫാം രജത ജൂബിലി സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാരിന് പണമില്ലെങ്കിലും കോപറേറ്റുകളുടെ കോടികളാണ് എഴുതി തള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചു. കാർഷിക മേഖലയിലെ നിലവിലെ പ്രതിസന്ധി അതീവ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ കാർഷിക മേഖല സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കേന്ദ്ര സർക്കാരിന്റെ നവ ഉദാരവൽക്കരണ നയമാണ് ഇതിന് കാരണമായത്. അത് തുടങ്ങി വെച്ചവരുണ്ട്, വാശിയോടെ ഇപ്പോഴും തുടരുന്നവരുമുണ്ട്. ഇതിന്‍റെയൊക്കെ ഫലം എന്താണെന്ന് എല്ലാവർക്കും ഇന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രതിസന്ധിയെ കുറിച്ച് എല്ലാവർക്കും അറിയാം. പക്ഷെ തുടക്കം കുറിച്ചവർക്ക് ഇത് തെറ്റാണെന്ന് ഇതുവരെയും തോന്നിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ; ‘ഇൻഫാം മികച്ച കർഷക സംഘടന’; താമരശ്ശേരി ബിഷപ്പ് സംഘടനയുടെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഇപ്പൊ തുടരുന്നവർക്ക് ഒരിഞ്ച് പിന്നോട്ട് പോകാൻ തോന്നുന്നില്ല. കോർപ്പറേറ്റുകൾക്ക് ഈ മേഖല മേച്ചിൽ പുറം ആക്കാൻ വിട്ട് കൊടുക്കുകയാണ്. കർഷകരെ സ്വന്തം മണ്ണിൽ പാട്ടക്കാർ ആക്കുകയാണ്. അതിനെതിരെ ഐതിഹാസിക പോരാട്ടമാണ് കർഷകർ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താങ്ങു വില നൽകാൻ പണം ഇല്ലെന്ന് പറയുന്ന സർക്കാർ കോർപ്പറേറ്റുകളുടെ ലക്ഷകണക്കിന് രൂപയാണ് ഓരോ വർഷവും എഴുതി തള്ളുന്നത്. ആസിയാൻ കരാർ ഒപ്പിട്ടത് പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. അത് ഒപ്പിട്ടവർ തെറ്റാണെന്ന് പിന്നെ ഒരു ഘട്ടത്തിലും അവർ പറഞ്ഞിട്ടില്ല. ആസിയാൻ കരാർ ഒറ്റപ്പെട്ട വിഷയമല്ല. അതുപോലെ ഉള്ള എത്രയെത്ര കരാറുകർ ഇവർ ഒപ്പിട്ടിരിക്കുന്നു. ഇതൊക്കെ കർഷകരോടുള്ള ദ്രോഹം മാത്രമല്ല, കേരളത്തോട് കൂടിയുള്ള ദ്രോഹം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


