
കഴക്കൂട്ടം ശബരിമല ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശബരിമല തീർത്ഥാടന കാലത്ത് ഭക്തർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യങ്ങളില്ലാത്തതും വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യേണ്ടി വരുന്നതും വലിയൊരു ബുദ്ധിമുട്ടായിരുന്നെന്നും, ഇതിന് പരിഹാരമെന്നോണം 2016 ലാണ് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ‘ഇടത്താവളങ്ങൾ’ എന്ന ആശയം നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയുടെ ധനസഹായത്തോടെ കേരളത്തിലുടനീളം 12 ഇടത്താവളങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കഴക്കൂട്ടത്തെ ഇടത്താവളത്തിനായി ഏകദേശം 10 കോടി രൂപയാണ് ചിലവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടത്തിന് പുറമേ, മണിയങ്കോട്, എരുമേലി എന്നിവിടങ്ങളിലെ ഇടത്താവളങ്ങളും പൂർത്തിയായിക്കഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. നിലയ്ക്കൽ, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നു വരികയാണ്. ഈ ഇടത്താവളങ്ങൾ തീർത്ഥാടന കാലത്ത് ഭക്തർക്ക് ഏറെ പ്രയോജനപ്പെടും എന്നതിനൊപ്പം, മറ്റ് സമയങ്ങളിൽ പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴക്കൂട്ടത്തെ അത്യാധുനിക മന്ദിരം പത്ത് കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പണികഴിപ്പിച്ച ഈ ഇടത്താവളത്തിൽ ഒരേസമയം 300 പേർക്ക് ഭക്ഷണം കഴിക്കാവുന്ന വിശാലമായ അന്നദാന മണ്ഡപം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 75 പുരുഷന്മാർക്കും 25 സ്ത്രീകൾക്കും താമസിക്കാവുന്ന ഡോർമിറ്ററി സൗകര്യം, സുരക്ഷിതമായ ലോക്കർ റൂമുകൾ, ഹൈസ്പീഡ് വൈഫൈ സംവിധാനം തുടങ്ങിയ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


