വർഗീയശക്തികൾക്ക് കേരളത്തിൽ തലപൊക്കാനാവില്ല; വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

cm-pinarayi-vijayan-loka-kerala-sabha-speech-communal-harmony-investment-education

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും കേരളത്തിൽ വർഗീയശക്തികൾക്ക് തലപൊക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ കലാപങ്ങൾ കവർന്നെടുത്ത മനുഷ്യജീവനുകളുടെയും കൊള്ളയടിക്കപ്പെട്ട വീടുകളുടെയും കയ്പേറിയ ചരിത്രം കേരളത്തിനുണ്ട്.

എന്നാൽ കഴിഞ്ഞ പത്ത് വർഷമായി അത്തരം സംഭവങ്ങൾ കേരളത്തിൽ ഇല്ലാത്തത് വർഗീയശക്തികൾ നാടുവിട്ടുപോയതുകൊണ്ടല്ല. വിദ്വേഷം പടർത്താൻ ശ്രമിച്ചാൽ കർശനമായ നടപടി ഉണ്ടാകുമെന്ന് അവർക്കറിയാം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും ഇവിടെ ആർക്കും തടസ്സമില്ലെന്നും സംഘർഷങ്ങളില്ലാത്ത സമാധാനപരമായ അന്തരീക്ഷമാണ് കേരളത്തെ ലോകത്തിന് പ്രിയപ്പെട്ടതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ : പ്രതിസന്ധികളിലെ പ്രവാസി കരുതലിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കേരളത്തെപ്പോലെ സമാധാനം നിലനിൽക്കുന്ന മറ്റൊരിടമില്ലെന്ന് വിദേശ നിക്ഷേപകർ പോലും സമ്മതിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഇന്ന് കേരളം ഒന്നാം സ്ഥാനത്താണ്. മുൻകാലങ്ങളിൽ വ്യാവസായിക വികസനം അസാധ്യമാണെന്ന് കരുതിയിടത്താണ് ഈ മാറ്റം സംഭവിച്ചത്. ലോകമെമ്പാടുമുള്ള നിക്ഷേപകർ കേരളത്തെ ഇന്ന് വിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. വ്യവസായ രംഗത്തുണ്ടായ ഈ വലിയ കുതിപ്പ് വരും വർഷങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ :ലോക കേരള സഭ: വിദേശകാര്യ മന്ത്രാലയം പോലും വിരൽ ചൂണ്ടുന്ന കേരള മാതൃക

ലോക തൊഴിൽ കമ്പോളങ്ങളിൽ വികസിത രാജ്യങ്ങളിലെ ഉദ്യോഗാർത്ഥികളോട് മത്സരിക്കാൻ നമ്മുടെ യുവാക്കളെ പ്രാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഒരു കാലത്ത് പുതുവർഷം ആരംഭിച്ചിട്ടും പാഠപുസ്തകം കിട്ടാതെ അധ്യാപകർ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്ന സാഹചര്യം കേരളത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് സ്കൂൾ അടയ്ക്കുമ്പോൾ തന്നെ അടുത്ത വർഷത്തെ പാഠപുസ്തകം കുട്ടികളുടെ കയ്യിലെത്തുന്നു. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായതോടെ വിദേശത്തുനിന്ന് പോലും കുട്ടികൾ ഉപരിപഠനത്തിനായി കേരളത്തിലേക്ക് എത്തുന്ന കാഴ്ചയാണ് ഇന്നുള്ളതെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകൾ ഫലം കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News