വിഴിഞ്ഞം വിസ്മയമായി മാറും; കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ പുതിയ അധ്യായം: മുഖ്യമന്ത്രി പിണറായി വിജയൻ

Pinarayi Vijayan

അന്താരാഷ്ട്ര ഭൂപടത്തിൽ ഏറ്റവും നിർണായകമായ തുറമുഖമായി വി‍ഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ പുതിയ അധ്യായം പിറന്നെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തുറമുഖ വ്യാപാര രംഗത്ത് വിഴിഞ്ഞം വിസ്മയമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ സ്വപ്നമായിരുന്നു വിഴിഞ്ഞം പദ്ധതി. എത്രയോ പതിറ്റാണ്ടുകളാണ് നാം ആ സ്വപ്നവും പേറി നടന്നത്.ഓരോ ഘട്ടത്തിലും നിരവധി തടസ്സങ്ങൾ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി പ്രാവർത്തികമാക്കാൻ ശ്രമിച്ചപ്പോൾ ഒരുപാട് പ്രതിബന്ധങ്ങളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നു. പക്ഷേ നമുക്ക് അത്തരം തടസങ്ങൾ കൊണ്ട് സ്തംഭിച്ച് നിൽക്കാൻ കഴിയില്ല. വികസന പദ്ധതികളുടെ കാര്യത്തിൽ നമ്മുടെ നാട് സ്വീകരിച്ച നിലപാട് അതാണ്.

ALSO READ: ചരിത്രനേട്ടത്തിൽ വിഴിഞ്ഞം; അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

2016ന് മുമ്പ് യുഡിഎഫ് കാലത്ത് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം വന്നുചേർന്നത് എൽഡിഎഫ് സർക്കാരിനാണ്. നാടിന്റെ വികസന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നാടിന്റെ ആവശ്യം മുൻനിർത്തി തടസ്സങ്ങളെ അതിജീവിക്കാനാണ് നാം ശ്രമിച്ചത്. വികസന പദ്ധതികൾക്ക് അദാനി ഗ്രൂപ്പും മികച്ച പിന്തുണയാണ് നൽകുന്നത്.

അന്താരാഷ്ട്ര ഭൂപടത്തിൽ ഏറ്റവും നിർണായകമായ തുറമുഖമായി വി‍ഴിഞ്ഞം മാറും എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാട് കേട്ടിരുന്ന പ്രധാന ആക്ഷേപം ഇവിടെ ഒന്നും നേരെ ചൊവ്വേ നടക്കില്ല എന്നതാണ്. നമ്മളെ ആക്ഷേപിച്ചവരും പരിഹസിച്ചവരും ഉണ്ട്. അവർക്ക് മറുപടി നൽകിയത് ഇത് പോലുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണ്. ഇവിടെ പലതും നടക്കും എന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ മാറ്റാൻ ഇടതുസർക്കാരിന് കഴിഞ്ഞു.

ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ വിഴിഞ്ഞം കേരളത്തിന്റെ സുപ്രധാന സാമ്പത്തിക നട്ടെല്ലായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കൾക്ക് തൊഴിൽ നൽകാനും പ്രാദേശിക വികസനത്തിനും സാധിച്ചു.കേരളത്തിനാകെ ഇതിന്റെ ഗുണം ലഭിക്കാൻ പോവുകയാണ്.

ALSO READ: തൂത്തുക്കുടിക്ക് നല്‍കിയ പരിഗണന കേരളത്തിന് കിട്ടിയില്ല; നീതിയുക്തമല്ലാത്ത നിബന്ധനകള്‍ അടിച്ചേൽപ്പിച്ചെന്നും മന്ത്രി വി ശിവൻകുട്ടി; വിമർശനം കേന്ദ്രമന്ത്രിയെ വേദിയിലിരുത്തി

ഇന്ത്യയുടെ ചരക്ക് നീക്ക മേഖലയിൽ കേരളം സുപ്രധാന ശക്തിയായി മാറുകയാണ്. ഇത് വെറും പറച്ചിലല്ല, കണ്മുന്നിൽ കാണുന്ന യാഥാർത്ഥ്യമാണ്. വിഴിഞ്ഞത്തിന് മുൻപ് ആരംഭിച്ച പല തുറമുഖങ്ങളെയും പിന്നിലാക്കിയാണ് നമ്മുടെ മുന്നേറ്റം.

രാജ്യത്താദ്യമായി വനിതകളെ ഓട്ടോമാറ്റിക് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതും നമ്മുടെ ഖ്യാതിയാണ്. സ്ത്രീ സൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണമായി ഇത് മാറി. ആഡംബര ക്രൂയിസ് കപ്പലുകൾക്കും ഇനിമുതൽ വിഴിഞ്ഞത്ത് എത്തിച്ചേരാൻ ആകും. ഇത് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News