
പുതുതായി സ്ഥാനമേറ്റ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായിടത്തും പുതിയ ഭരണസമിതികൾ സ്ഥാനമേറ്റെന്നും ഭരണസമിതികൾക്ക് മുന്നിൽ പുതിയ ഉത്തരവാദിത്വമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിദാരിദ്ര്യ മുക്തമായവർ തിരികെ അതിദാരിദ്ര്യത്തിലേക്ക് പോകരുതെന്ന് തദ്ദേശസ്ഥാപനങ്ങളെ മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഈ പ്രക്രിയ സൂക്ഷ്മതയോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാൻ നിതാന്ത പരിശ്രമം ആവശ്യമാണ്. ആ ചുമതല എല്ലാ തദ്ദേശസ്ഥാപനങ്ങളും പൂർണമായും ഏറ്റെടുക്കണം. ഭാവി ഉറപ്പുള്ളതാക്കാൻ നാട് മാലിന്യമുക്തമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് ഭവനപദ്ധതിയിലൂടെ കൂടുതൽ ഭവന രഹിതർക്ക് സുരക്ഷിത ഭവനം ഉണ്ടാകണം. തദ്ദേശസ്ഥാപനങ്ങൾ ഇതിൽ പ്രധാന പങ്കു വഹിക്കണം. അടുത്ത മാസത്തോടെ 5 ലക്ഷം വീടുകള്‍ പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പാലിയേറ്റീവ് പരിചരണത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധവേണം. തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സാർവത്രിക പാലിയേറ്റീവ് പരിചരണം ഉറപ്പാക്കണം. സമർപ്പണബോധത്തോടെ ഓരോ തദ്ദേശസ്ഥാപനവും ഇതിനായി ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വിശാല താത്പര്യം മുൻനിർത്തി നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി എല്ലാ ജനപ്രതിനിധികൾക്കും തദ്ദേശസ്ഥാപനത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയണമെന്നും എല്ലാവരും അതിന് തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

