
മതനിരപേക്ഷത കേവലം ഒരു വാക്കല്ലെന്നും അത് കേരളത്തിന്‍റെ ജീവശ്വാസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വർഗീയതയോട് ഒരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും മുഖ്യമന്ത്രി അപലപിച്ചു. ചിങ്ങവനത്ത് ക്നാനായ സമുദായ ദിനവും മഹാസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ – വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം മികച്ച മാതൃകയാണെന്നും അതിനുള്ള ആദ്യ വിത്ത് പാകിയത് ഇവിടുത്തെ ക്രൈസ്തവ മിഷണറിമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അറിവിന്‍റെ വെളിച്ചം സാധാരണക്കാരുടെ കുടിലുകളിലേക്ക് എത്തിക്കാൻ ക്രൈസ്തവ സഭകൾക്ക് സാധിച്ചു. ആരോഗ്യ രംഗത്തെ നേട്ടത്തിന് പിന്നിലും ക്രൈസ്തവ സഭകളുടെ പങ്ക് വലുതാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സഭ അംഗങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണം ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ; അതിദാരിദ്യ നിർമ്മാർജനം സാധ്യമാക്കിയതിൽ കേരള സർക്കാരിനെ അഭിനന്ദിച്ച് എംഎ ബേബി
പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾക്ക് നേരെ വർഗീയ ശക്തികളുടെ നഗ്നമായ കടന്നുകയറ്റമാണ് നടക്കുന്നത്. വർഗീയശക്തികൾ പുരോഹിതരെയും വീട്ടമ്മമാരെയും കുട്ടികളെയും ആക്രമിക്കുന്നു. ഇത് പരിഷ്കൃത സമൂഹത്തിൽ നടക്കേണ്ടതല്ല. ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ തുരുത്തായി കേരളം മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
10 വർഷത്തിനിടയിൽ ഒരു വർഗീയ സംഘർഷവും കേരളത്തിൽ ഉണ്ടായിട്ടില്ല. രാജ്യത്ത് ക്രമസമാധാന നില ഭദ്രമായ ഒരു നാട് കേരളം പോലെ കാണാൻ കഴിയില്ല. വർഗീയതയോട് ഒരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാം. ഇവിടെ മത സ്ഥാപനങ്ങൾക്ക് നേരെ ആരുടെയും കൈ ഉയരാൻ അനുവദിക്കില്ലെന്നും, വർഗീയ ശക്തികളുമായി സന്ധിചെയ്യുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

