
കേരളത്തോടുള്ള ക്രൂരമായ അവഗണനയുടെ തെളിവുരേഖയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചിട്ട് അതിൽ കേരളമില്ല. കേരളത്തിന്‍റെ പ്രധാന ആവശ്യമാണു തിരസ്ക്കരിക്കപ്പെട്ടത്. കാലങ്ങളായി ആവശ്യപ്പെട്ട എയിംസ് ഇല്ല, കേരളത്തിനായി പ്രത്യേക പാക്കേജില്ല, വിഴിഞ്ഞം വികസനത്തിന് പ്രത്യേക സഹായമില്ല.
കേന്ദ്ര ഡിവിസിബിൾ പൂളിൽ നിന്നുള്ള വിഹിതം ഉയർത്തിയിട്ടില്ല. മുമ്പത്തെപ്പോലെ 41 ശതമാനത്തിൽ തുടരുന്നു. ഇത് ഉയർത്തണമെന്ന ആവശ്യം നിരാകരിച്ചു. ഇങ്ങനെ എല്ലാ മേഖലയിലും കേരളത്തെ പാടെ അവഗണിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്നതു ധനമന്ത്രി വിസ്മരിച്ച മട്ടാണ്. കേരളത്തെ ഉപേക്ഷിച്ച രാഷ്ട്രീയ ബജറ്റാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്. എന്നാൽ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകരമാണ്. റെയിൽവേ കോച്ച് ഫാക്ടറി അടക്കമുള്ള വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് സർക്കാരും ബി.ജെ.പി സർക്കാരും ഒരുപോലെ കേരളത്തെ കബളിപ്പിക്കുകയാണെന്ന് ഈ ബജറ്റും സാക്ഷ്യപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമായി തുടരുമ്പോഴും ഭക്ഷ്യ-ആരോഗ്യ-വളം സബ്‌സിഡികളിൽ വരുത്തിയ കുറവ് ജനജീവിതത്തെ പാപ്പരീകരിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയത്. ഇത് ഗ്രാമീണ തൊഴിൽ മേഖലയെ തകർക്കും. കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനോ കേരളത്തെ തകർക്കുന്ന ഇറക്കുമതി നിയന്ത്രിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. എഫ്.എ.സി.ടി, കൊച്ചിൻ റിഫൈനറി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ച ബജറ്റ്, ടൂറിസം, വിദ്യാഭ്യാസ, വ്യവസായ മേഖലകളെയും പൂർണ്ണമായും നിരാശപ്പെടുത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള കടുത്ത താരിഫ് വർദ്ധനവ് ആഗോളതലത്തിൽ തന്നെ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത്തരം താരീഫ് യുദ്ധങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാനോ രാജ്യത്തിന്റെ കയറ്റുമതി മേഖലയെ സംരക്ഷിക്കാനോ ഉള്ള യാതൊരു നിർദ്ദേശവും ഈ ബജറ്റിലില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കാൻ നടപടികൾ മുന്നോട്ടുവെക്കാത്ത ഈ ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തെ തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ്. പരമ്പരാഗത വ്യവസായങ്ങൾ മുതൽ ഐ.ടി – സ്റ്റാർട്ടപ്പ് സംരംഭങ്ങളെ വരെ അവഗണിച്ച ബജറ്റിൽ പ്രവാസി പുനരധിവാസത്തിനായോ ക്ഷേമത്തിനായോ യാതൊരു പദ്ധതിയുമില്ല. ജനവിരുദ്ധമായ ഈ സാമ്പത്തിക നയങ്ങൾക്കെതിരെയും കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെയും അതിശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

