
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന് പിന്നാലെ അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്താന്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിച്ചത് ഏറെ ചര്‍ച്ചക്കിടയായിരുന്നു. ഒരു വിഷയത്തില്‍ ആളുകള്‍ പറയുന്ന അഭിപ്രായത്തെ റീച്ചിനും മറ്റുമായി മാറ്റി വസ്തുതകളെ പൂര്‍ണമായും വളച്ചൊടിക്കുന്ന യൂട്യൂബ് കള്‍ച്ചര്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍ പുരസ്‌കാര നിര്‍ണയത്തിന് പിന്നാലെ ഇതേ രീതി പിന്തുടര്‍ന്ന കേരളത്തിലെ ഒരു മാധ്യമസ്ഥാപനത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് സംവിധായകന്‍ വി സി അഭിലാഷ്.
പ്രാഥമിക ജൂറി അംഗം എന്ന നിലയില്‍/ജനാധിപത്യപരമായി ഫൈനല്‍ ജൂറിയുടെ തീരുമാനത്തെ നൂറ് ശതമാനം അംഗീകരിച്ച് സംവിധായകന്‍ പ്രസ്തുത മാധ്യമത്തിന് നല്‍കിയ സംഭാഷണമാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചാനല്‍ പുറത്തുവിട്ടത്. പതിനഞ്ച് മിനിട്ടോളം നീണ്ട സംഭാഷണത്തിനിടെ മുഴുവന്‍ സമയവും പുരസ്‌കാര നിര്‍ണയത്തെ പിന്തുണച്ചാണ് സംവിധായകന്‍ സംസാരിച്ചത്. എന്നാല്‍ പ്രകാശ് രാജ് ഉപയോഗിച്ച ഒരു ഭാഷാപ്രയോഗത്തോട് (അതിലെ ആശയത്തോടല്ല) എനിക്ക് യോജിപ്പില്ല എന്ന് തുറന്നുപറഞ്ഞ സംവിധായകന്റെ അഭിപ്രായത്തെ പ്രകാശ് രാജിനെതിരെ പ്രാഥമിക ജൂറി അംഗം എന്ന തമ്പ്‌നൈലും തലക്കെട്ടും ഇട്ടുകൊണ്ടാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.
‘എതിരാകലും’ ‘വിയോജിപ്പും’ രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും ന്യൂസ് 18ന് ഇല്ലേ എന്നും ചോദിച്ചാണ് സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ലക്ഷണമൊത്ത മാലിന്യ ചാനലാണ് ന്യൂസ് 18 എന്ന് പ്രാഥമിക ജൂറി അംഗം’ എന്നൊരു ഫ്ലാഷ് കൂടി വിടാമോ ചാനലേ? എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
2018 ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെയാണ് വിസി അഭിലാഷ് സംവിധായക വേഷത്തിലേക്ക് എത്തുന്നത്. 65ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.
Also read – ‘ജയിലർ 2’ൽ രജനികാന്തിനൊപ്പം ബാലയ്യയില്ല: താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണം ഇത്!
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
ലക്ഷണമൊത്ത ഒരു മാലിന്യ ചാനലാണ് ഈ ന്യൂസ് 18 എന്ന് ഇന്ന് തിരിച്ചറിഞ്ഞു.
ഇവറ്റകളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല എന്നും ബോധ്യപ്പെട്ടു.
‘എതിരാവലും’ ‘വിയോജിപ്പും’
രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളെ നിങ്ങൾക്ക്?
ഫൈനൽ പുരസ്കാര തീരുമാനങ്ങളിൽ ചില സ്വാഭാവിക വിയോജിപ്പുകൾ എനിക്കുമുണ്ട്. എന്നാൽ ആ വിയോജിപ്പുകളെയും നിലനിർത്തിക്കൊണ്ട് പ്രാഥമിക ജൂറി അംഗം എന്ന നിലയിൽ/ജനാധിപത്യപരമായി ഫൈനൽ ജൂറിയുടെ തീരുമാനത്തെ
നൂറ് ശതമാനം ഞാൻ അംഗീകരിക്കുന്നുണ്ട്. അതെൻ്റെ ഉത്തരവാദിത്തവുമാണ്.
മേൽപ്പറഞ്ഞ മാലിന്യച്ചാനലുമായി പതിനഞ്ച് മിനിട്ടോളം നീണ്ട സംഭാഷണത്തിനിടെ മുഴുവൻ സമയവും പുരസ്കാര നിർണ്ണയത്തെ പിന്തുണച്ച് സംസാരിക്കുകയാണ് ഞാൻ ചെയ്തത്.
എന്നാൽ പ്രകാശ് രാജ് ഉപയോഗിച്ച ഒരു ഭാഷാപ്രയോഗത്തോട് (അതിലെ ആശയത്തോടല്ല) എനിക്ക് യോജിപ്പില്ല എന്ന് തുറന്നുപറയുകയും ചെയ്തു.
എന്നാലുടനേ,
ഞാൻ പറഞ്ഞ ബാക്കിയെല്ലാ വസ്തുതകളേയും റദ്ദ് ചെയ്ത്
‘പ്രകാശ് രാജിനെതിരെ പ്രാഥമിക ജൂറി അംഗം’ എന്ന ഇമ്മാതിരി കോണാത്തിലെ തലക്കെട്ട് തമ്പ്നൈലും കൊടുത്ത്, പണമുണ്ടാക്കുന്ന മാധ്യമത്തെ പറ്റി എന്ത് പറയാനാണ് !
ഇതൊക്കെ കൊണ്ടാണ് ഇവറ്റകൾ അഭിപ്രായം ചോദിച്ച് വിളിക്കുമ്പോൾ ഫോണെടുക്കാത്തത്.
NP : ‘ലക്ഷണമൊത്ത മാലിന്യ ചാനലാണ് ന്യൂസ് 18 എന്ന് പ്രാഥമിക ജൂറി അംഗം’ എന്നൊരു ഫ്ലാഷ് കൂടി വിടാമോ ചാനലേ?
– വി.സി.അഭിലാഷ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

