
ശ്രുതി ശിവശങ്കര്‍
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് എ.ഐ ചിത്രമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞപ്പോള്‍ എന്തൊക്കെയായിരുന്നു ഇവിടെ… ഗോവിന്ദന്‍ മാസ്റ്ററെ കളിയാക്കുന്നു, അത് ഒറിജിനല്‍ ചിത്രമാണെന്ന് വാദിക്കുന്നു, അങ്ങനെ അങ്ങനെ നീണ്ടുപോവുകയായിരുന്നല്ലോ…. എന്നാല്‍ നിങ്ങള്‍ ഒന്ന് കേട്ടോളൂ…. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് കൃത്യവും വ്യക്തവുമാണ്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍പോറ്റിയും ചേര്‍ന്നുനില്‍ക്കുന്ന ചിത്രം എ ഐയിലൂടെ നിര്‍മിച്ചതാണ്. അത് നിര്‍മിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതാകട്ടെ ഒരു കോണ്‍ഗ്രസ് നേതാവും. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യത്തിനെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 122 പ്രകാരം കോഴിക്കോട് ചേവായൂര്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്. ഇപ്പൊ എന്തായി എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഒരു ഉത്തരവുമില്ല. പലരും അത് അറിഞ്ഞതായി പോലും ഭാവിക്കുന്നുമില്ല. ശരിക്കും എന്താണ് അത്തരത്തില്‍ ഒരു ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ സംഭവം ?

ഒരു ഔദ്യോഗിക ചടങ്ങ്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നല്‍കിയ അപേക്ഷ, കേരളാ പൊലീസിന് ഭീമാ ഗോള്‍ഡ് ഒരു ആബുലന്‍സ് കൈമാറുന്നു. ഓഗസ്റ്റ് 20 നു സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വച്ചു റാവാഡ എ ചന്ദ്ര ശേഖര്‍ ഐ.പി.എസ് , ഭീമ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ വിഷ്ണുശരന്‍ കെ ഭട്ട് ബാംഗ്ലൂര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവരും മറ്റുള്ളവരും പങ്കെടുത്ത ചടങ്ങില്‍ വച്ചു ആംബുലന്‍സ് കൈമാറുന്നു. ആ ചടങ്ങില്‍ ഫോട്ടോ ആണ് പോസ്റ്റിന് ഒപ്പം ഉള്ളത്.

അതിന്റെ ഭാഗമായി സ്‌പോണ്‍സറുടെ ഭാഗത്തു നിന്നും വന്നവരില്‍ പോറ്റിയുമുണ്ട്. അതില്‍ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോ ആണ് കൃത്യമായി ക്രോപ്പ് ചെയ്ത് ഇവര്‍ രണ്ട് പേരും മാത്രം എന്ന് തോന്നിക്കുന്ന രീതിയില്‍ എഡിറ്റ് വരുത്തി മുഖ്യമന്ത്രിയും പോറ്റിയും രഹസ്യ കൂടികാഴ്ച നടത്തി എന്ന രീതിയില്‍ പ്രചരണം നടത്തുന്നത്. അത് കൃത്യമായി ചൂണ്ടിക്കാട്ടുകയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ ചെയ്തത്.

ശരിക്കും കോണ്‍ഗ്രസ്സിന് എന്താണ് സംഭവിച്ചത് ? എ ഐ ചിത്രങ്ങള്‍ പോലും കണ്ടാല്‍ തിരിച്ചറിയാത്ത തലത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്കാണോ കോണ്‍ഗ്രസ് സഞ്ചരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവസാനമായി, ഒരു കാര്യം കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സോണിയാ ഗാന്ധിക്കൊപ്പമുള്ള ശബരിമലസ്വര്‍ണക്കൊള്ളക്കാരുടെ ചിത്രങ്ങള്‍ക്ക് പിന്നിലുള്ള വസ്തുത എന്തെന്ന് വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

