
രാഷ്ട്രീയത്തിലെ ഒഴികൂടാനാകാത്ത ഒന്നാണ് സമരങ്ങളും പ്രതിഷേധങ്ങളും. എന്നാൽ ഇത് രണ്ടും ആരോഗ്യപരമായ രീതിയിൽ വേണം ചെയ്യാൻ. പക്ഷെ പല സാഹചര്യങ്ങളിലും കോൺഗ്രസ് അഴിച്ചുവിടുന്നത് ആക്രമണത്തിന്റെ രാഷ്ട്രീയമാണ്. ആശയപരമായി ഒന്നും ഉയർത്തിക്കാട്ടാനില്ലാത്ത അവസരങ്ങളിലാണ് അവർ ആക്രമണത്തിന്റെ വഴി പൊതുവെ തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോൾ നടന്നതും സമാനമായ കാര്യം തന്നെ ആണ്. ആരോഗ്യമന്ത്രി വീണാ ജോർജിനെ ആണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ് യു പ്രവർത്തകർ ആക്രമിച്ചത്. റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രിയെ പ്ലാറ്റ് ഫോമിൽ വച്ചാണ് ഇവർ കയ്യേറ്റം ചെയ്തത്. ആക്രമണത്തിൽ കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ ചികിത്സയിലാണ്. കായികമായി ആക്രമിക്കുന്നത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെ മറ്റു സംഘടനകളുടെയും സ്ഥിരം ശൈലി ആണെന്ന് അവർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
2022ൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമിച്ചത്. 2022 ജൂൺ 13നായിരുന്നു ആ സംഭവം നടക്കുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ കയറി രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിക്കാൻ അന്ന് ശ്രമിച്ചത്.
വിമാനം ലാൻഡ് ചെയ്തതിനു ശേഷം ഇറങ്ങാനായി മുഖ്യമന്ത്രി തയാറെടുക്കുന്ന സമയത്താണ് മുദ്രാവാക്യം മുഴക്കി ഇവർ മുഖ്യമന്ത്രിക്കുനേരെ അടുത്തത്. അപ്രതീക്ഷിതമായി എത്തിയ പ്രതിഷേധത്തിൽ വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ ഭയന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന അന്നത്തെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും മറ്റ് യാത്രക്കാരും സമയോചിതമായി ഇടപെട്ടതോടെയാണ് മുഖ്യമന്ത്രി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറ്റവും ഉയർന്ന നിരക്ക് നൽകിയാണ് ഈ പ്രവർത്തകർ അന്ന് യാത്ര ചെയ്തത്. ഈ പണം നൽകിയതും കോൺഗ്രസ് ആയിരുന്നു. ആർസിസിയിൽ ചികിത്സയിലുള്ള രോഗിയെ കാണാൻ പോകുന്നെന്നാണ് കണ്ണൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ഇവർ പറഞ്ഞിരുന്നത്. കോൺഗ്രസിന്റെ പൂർണ പിന്തുണയോടെയാണ് മുഖ്യമന്ത്രിയ്ക്ക് നേരെ ആക്രമണം നടന്നത് എന്ന് പകൽ പോലെ തെളിഞ്ഞിട്ടും ന്യായീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിൽ അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഉണ്ടായിരുന്നു.
ഇന്നും മാറ്റമില്ലാതെ തന്നെ ആണ് കെഎസ്‍യു സംഘം മന്ത്രി വീണാ ജോർജിനെ ആക്രമിച്ചത്. എന്നാൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. പ്രതിഷേധമാണ് നടത്തിയതെന്ന പേരിൽ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും കേരളത്തിലെ ഒരു മന്ത്രിയെ കായികമായി നേരിട്ടതിൽ ഒരു ന്യായീകരണത്തിനും സാധുതയില്ല. അങ്ങനെയെങ്കിൽ വേറിട്ട പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. അതായത് മന്ത്രിമാർ പ്രസംഗിക്കുന്ന വേദികളിലോ പങ്കെടുക്കുന്ന പൊതുപരിപാടികളിലോ എത്താതെ അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിൽ, അവരെ ആക്രമിക്കാനായി എത്തുന്ന കാഴ്ച. എന്തായാലും മന്ത്രി വീണാ ജോർജ് നേരെ ഉണ്ടായ ആക്രമണത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

