ഹരിപ്പാട് ക്ഷേത്രത്തിലെ കാണിക്ക മോഷണം; അമ്പലക്കള്ളന്മാരെ സംരക്ഷിക്കുന്ന രമേശ്‌ ചെന്നിത്തല എംഎൽഎ രാജിവയ്‌ക്കണം: ഡിവൈഎഫ്‌ഐ

DYFI PROTEST ON HARIPAD TEMPLE THEFT

ആലപ്പു‍ഴ ഹരിപ്പാട്ടെ ക്ഷേത്രത്തിലെ കാണിക്കയിൽനിന്ന്‌ പണം മോഷ്‌ടിച്ച കോൺഗ്രസ്‌ നേതാവ്‌ രാകേഷ്‌ കൃഷ്‌ണനെ സംരക്ഷിക്കുന്ന രമേശ്‌ ചെന്നിത്തല എംഎൽഎ രാജിവയ്‌ക്കണമെന്ന്‌ ഡിവൈഎഫ്‌ഐ. പണം മോഷ്‌ടിച്ച ദേവസ്വം വാച്ചറും ദേവസ്വം ബോർഡിലെ കോൺഗ്രസ്‌ സംഘടനയുടെ ഹരിപ്പാട്‌ ഗ്രൂപ്പ്‌ പ്രസിഡന്റുമായ രാകേഷ്‌ കൃഷ്‌ണനെ രക്ഷപ്പെടുത്താൻ രമേശ്‌ ചെന്നിത്തലയുടെ ഓഫീസിൽനിന്ന്‌ ശ്രമം നടത്തിയെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജയിംസ്‌ ശാമുവേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യൂത്ത്‌ കോൺഗ്രസ്‌ കുമാരപുരം മുൻ മണ്ഡലം പ്രസിഡന്റാണ്‌ രാകേഷ്‌ കൃഷ്‌ണൻ. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കുമാരപുരം പഞ്ചായത്ത്‌ ഒൻപതാം വാർഡിൽ യുഡിഎഫ്‌ സ്ഥാനാർഥിയായി ഇയാള്‍ മത്സരിച്ചിരുന്നു. രമേശ്‌ ചെന്നിത്തല, കെ സി വേണുഗോപാൽ, കെ സുധാകരൻ, ടി സിദ്ദിഖ്‌, ബിനു ചുള്ളിയിൽ തുടങ്ങിയ ഉന്നത കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്‌.

ഇത്തരം അമ്പലക്കള്ളന്മാരെ സംരക്ഷിക്കുന്നവരായി രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതൃത്വം മാറുന്നുവെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. ഇതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി 26 ന്‌ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഹരിപ്പാട്ട്‌ ധർണ സംഘടിപ്പിക്കും.

ALSO READ: ക്ഷേത്രത്തിലെ കാണിക്ക മോഷണം; ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് പിടിയിൽ, അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

അതേസമയം സംഭവം കണ്ടില്ലെന്ന്‌ നടിക്കുന്ന രമേശ്‌ ചെന്നിത്തല ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നും പണം തട്ടിയ രാകേഷ്‌ കൃഷ്‌ണൻ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ബിനു ചുള്ളിയിലിന്റെ സന്തത സഹചാരിയാണെന്നും ജയിംസ്‌ ശാമുവൽ ആരോപിച്ചു. കേസിൽ ഇയാളെയും പ്രതിചേർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മോഷ്‌ടിച്ച്‌ എടുക്കുന്ന പണം ആർക്കൊക്കെയാണ്‌ ലഭിക്കുന്നതെന്ന്‌ കോൺഗ്രസ്‌ നേതൃത്വം വ്യക്‌തമാക്കണം. പ്രതിയെ അടിയന്തരമായി അറസ്‌റ്റ്‌ ചെയ്യാൻ പൊലീസ്‌ നടപടി സ്വീകരിക്കണമെന്നും ജയിംസ്‌ ശാമുവൽ പറഞ്ഞു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി അജ്‌മൽ ഹസൻ, ജില്ലാ കമ്മിറ്റിയംഗം അനീഷ്‌ കുര്യൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News