
വൈക്കം നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ദളിത് ചിന്തകൻ സണ്ണി എം. കപിക്കാടിനെ നിശ്ചയിക്കുന്നതിനെതിരെ ശക്തമായ വിയോജിപ്പുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. സണ്ണി എം കപിക്കാടിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി മണ്ഡലത്തിലെ വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികൾ പ്രമേയം പാസാക്കി.
സണ്ണി എം. കപിക്കാടിന്റെ മുൻകാല നിലപാടുകളാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. അദ്ദേഹം മഹാത്മാഗാന്ധിയെ അതിരൂക്ഷമായി വിമർശിച്ചിട്ടുള്ള വ്യക്തിയാണെന്നും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്ത്രീകൾ പ്രവേശിക്കണം എന്ന അദ്ദേഹത്തിന്റെ നിലപാട് യുഡിഎഫ് നയങ്ങൾക്ക് വിരുദ്ധമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സണ്ണി എം കപിക്കാടിനെ സ്ഥാനാർത്ഥിയാക്കിയാൽ സൈബർ ഇടങ്ങളിൽ എതിർപാർട്ടിക്കാർ ഈ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി.
ALSO READ: ‘വ്യക്തിയല്ല പാർട്ടിയാണ് പ്രധാനം, പി കെ ശശിക്കെതിരെ നിയമനടപടി സ്വീകരിക്കും’; ഇ എൻ സുരേഷ് ബാബു
സണ്ണി എം കപിക്കാടിന് പകരം മണ്ഡലത്തിൽ നിന്നുള്ള സജീവ പ്രവർത്തകരെ പരിഗണിക്കണമെന്നാണ് ബ്ലോക്ക് കമ്മിറ്റികളുടെ ആവശ്യം. ഇതിനായി കെ. ബിനിമോൻ, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, കെ പി എം എസ് സംസ്ഥാന കമ്മിറ്റി അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കെ.കെ. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പ്രാദേശിക നേതൃത്വം നേതൃത്വത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

