
തദ്ദേശ തെരഞ്ഞെടുപ്പിലെ നോമിനേഷൻ പ്രക്രിയകൾ പൂർത്തിയാകുമ്പോൾ കോൺഗ്രസിനകത്ത് സീറ്റിനുവേണ്ടിയുള്ള പൊട്ടിത്തെറിയും തമ്മിലടിയും തീരുന്നില്ല.
പ്രതീക്ഷിച്ച പരിഗണന ലഭിക്കാത്തതിനാൽ വിമത സ്ഥാനാർത്ഥികളെ നിർത്തിയാണ് യുഡിഎഫിനകത്തെ പ്രമുഖ നേതാക്കളടക്കം പ്രതിഷേധിച്ചത്. സ്ഥാനാർഥി പട്ടിക പുറത്തുവരുമ്പോൾ കോൺഗ്രസിനകത്തും യുഡിഎഫിലാകെയും വിമത സ്ഥാനാർത്ഥികളുടെ ഘോഷയാത്രയാണ്.
ഇപ്പോഴിതാ കോട്ടയം മാടപ്പള്ളി പഞ്ചായത്തിലും മുസ്‌ലിം ലീഗ് സ്ഥാനാർഥിക്കെതിരെ കോൺഗ്രസ് വിമതൻ മത്സര രംഗത്ത്. 21 ആം വാർഡിൽ മത്സരിക്കുന്ന ഷാജി പറപ്പള്ളിക്കെതിരെയാണ് കോൺഗ്രസ് പ്രദേശിക നേതാവ് സി കെ അൻസാരി വിമത സ്ഥാനാർഥിയായി മത്സരിക്കുന്നത്. ലീഗിന് സീറ്റ് അനുവദിച്ച് ഡി സി സി പ്രസിഡൻ്റ് നൽകിയ കത്ത് പരിഗണിക്കാതെയാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം പ്രവർത്തിക്കുന്നതെന്ന് ലീഗ് പ്രതികരിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് അടക്കം വിമത സ്ഥാനാർഥിക്കു വേണ്ടി പരസ്യമായി പ്രവർത്തിക്കുന്നതായും ലീഗ് വിമർശിച്ചു.
അതേസമയം കോട്ടയം നഗരസഭ ചെയർപേഴ്‌സണെതിരെയും വിമതൻ മത്സരിക്കുന്നുണ്ട്. ബിൻസി സെബാസ്റ്റ്യനെതിരെ കോൺഗ്രസ് വിമതനായി പ്രേം ജോസ് കൂരമറ്റം മത്സരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

