കാസർഗോഡ് തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തര്‍ക്കം: കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി

congress

കാസർഗോഡ് തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പ്രതിഷേധം. മഞ്ചേശ്വരത്തെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി. മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും മുസ്ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് ഓഫീസ് അടച്ചുപൂട്ടിയത്. 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച ഉച്ചയോടെ പ്രവർത്തകരെത്തി  കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടിയത്. ഹൊസങ്കടിയിൽ സ്വകാര്യ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് മണ്ഡലം പ്രസിഡൻ്റ് ഹനീഫിൻ്റെ നേതൃത്വത്തിലാണ് അടച്ചത്. ഓഫീസിന് മുന്നിലെ ബോർഡ് നീക്കം ചെയ്തു.

ALSO READ: സഖ്യം ഇല്ല, എന്നാല്‍ സഹകരണം ഇല്ലെന്ന്‌ പറയാൻ തയ്യാറുമല്ല: വെൽഫെയർ പാർട്ടി സഹകരണത്തെ തള്ളിപ്പറയാതെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

ഓഫീസിനകത്തുണ്ടായിരുന്ന ഫർണിച്ചറുകളും നേതാക്കളുടെ ചിത്രങ്ങളുമെല്ലാം മാറ്റി. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളായ കുഞ്ചത്തൂർ, ബഡാജെ, മഞ്ചേശ്വരം എന്നിവിടങ്ങളിൽ  മത്സരിക്കുന്നത് മുസ്ലിം ലീഗാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് ഡിവിഷനുകളിൽ മുസ്ലിം ലീഗും മൂന്നിൽ കോൺഗ്രസുമാണ് മത്സരിച്ചിരുന്നത്.

സീറ്റ്  വിഭജന ചർച്ച നടക്കുമ്പോൾ കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച ബഡാജെ, ലീഗിന് വിട്ടു നൽകാനും വോർക്കാടിക്ക് പകരം രൂപീകരിച്ച മഞ്ചേശ്വരം ഡിവിഷനിൽ കോൺഗ്രസ് മത്സരിക്കാനുമായിരുന്നു പ്രാഥമിക ധാരണ. എന്നാൽ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ മൂന്നു ഡിവിഷനും മുസ്ലിം ലീഗിന് നൽകി. ജയസാധ്യതയുള്ള സീറ്റുകൾ ലീഗിന് നൽകിയതിൽ നിരാശരായ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മഞ്ചേശ്വരത്ത് പിന്നെന്തിനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് ചോദിച്ച് പ്രാദേശിക നേതാക്കളും പ്രവർത്തകരുമെത്തി മണ്ഡലം കമ്മറ്റി ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. 

മഞ്ചേശ്വരത്തിന് പുറമെ പടന്നയിലും, ഈസ്റ്റ് എളേരിയിലും, കുമ്പളയിലുമെല്ലാം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള തർക്കങ്ങളും ഇരു പാർടികളിലെയും ആഭ്യന്തര പ്രശ്നങ്ങളും യുഡിഎഫിന് പരിഹരിക്കാനാവാതെ രൂക്ഷമായി തുടരുകയാണ് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News