കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണന; ഫെബ്രുവരി 3 കരിദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്‌ത് സിപിഐഎം

cpim + kottayam

കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കാണിച്ച കൊടിയ അവഗണനയില്‍ പ്രതിഷേധിച്ച്‌ ഫെബ്രുവരി 3-ാം തീയ്യതി കരിദിനമായി ആചരിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ്‌ അവതരിപ്പിച്ചിട്ടുള്ളതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ കുറ്റപ്പെടുത്തി. ബജറ്റിന്‌ മുമ്പ്‌ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം 29 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്‌ ഒന്നുപോലും പരിഗണിച്ചില്ല. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന്‌ ലഭിച്ചില്ല.

കേരളത്തിന്റെ സ്വപ്‌നമായ എയിംസ്‌ ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയില്‍വെ വികസനത്തിനായുള്ള 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള. പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുര്‍വ്വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന്‌ ആയുര്‍വ്വേദ എയിംസ്‌ ഇല്ല. ഉള്‍നാടന്‍ ജല ഗതാഗത പദ്ധതിയിലും കേരളമില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ ചൂണ്ടിക്കാട്ടി.

ALSO READ; നിയമസഭയിൽ പാളിപ്പോയ തിരക്കഥയുമായി പ്രതിപക്ഷം

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. സര്‍വ്വകലാശാലകളും, ടൗണ്‍ഷിപ്പുകളും പ്രഖ്യാപിച്ചതിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. റബ്ബറിന്റെ വില സ്ഥിരതാ ഫണ്ടും ഇല്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയില്‍വെ കോച്ച്‌ ഫാക്ടറിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമില്ല. കേരളത്തിന്റെ സമ്പദ്‌ഘടനയെ ഏറെ സഹായിക്കുന്ന പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള യാതൊരു നടപടിയും കേന്ദ്ര ബജറ്റില്‍ സ്വീകരിച്ചില്ല. ആശ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാരെ പൂര്‍ണ്ണമായും അവഗണിച്ചു.

ബജറ്റ്‌ സാധാരണക്കാരെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ്‌ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതാണെന്നും സിപിഐഎം പ്രസ്താവനയിൽ വിമർശനമുന്നയിച്ചു. സംസ്ഥാനത്തിന്റെ എല്ലാവിധ താല്‍പര്യങ്ങളേയും ഹനിക്കുന്ന ഒന്നായി കേന്ദ്ര ബജറ്റ്‌ മാറിയിരിക്കുകയാണ്‌. തൊഴിലുറപ്പ്‌ പദ്ധതിയിലുണ്ടായ വന്‍ വെട്ടിക്കുറവ്‌ കേരളത്തില്‍ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയേയും തകിടം മറിക്കുന്നതാണ്‌.

ALSO READ; ‘കേന്ദ്രം കുത്തകകളെ പാലൂട്ടി വളർത്തുന്നു, പാവങ്ങളെ ഞെക്കിപ്പിഴിയുന്നു’: എം വി ഗോവിന്ദൻ മാസ്റ്റർ

ക്ഷേമ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള യാതൊരു നീക്കവും ഈ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. പാവങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച ഈ ബജറ്റ്‌ കേരളത്തിനും വലിയ അവഗണനയാണ്‌ സംഭാവന ചെയ്‌തിരിക്കുന്നത്‌. ഫെബ്രുവരി 3-ാം തീയ്യതി എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തി കേന്ദ്ര അവഗണനക്കും, ജനദ്രോഹ ബജറ്റിനുമെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ അറിയിച്ചു. ഈ പരിപാടിയില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും പാർട്ടി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News