
എൽഡിഎഫ് സ്ഥാനാർഥികളെ സംബന്ധിച്ച് മാധ്യമങ്ങൾ നൽകുന്ന ഊഹോപോഹ വാർത്തകളിൽ അടിസ്ഥാനമില്ലെന്ന് സിപിഐ എം ഇടുക്കി ജില്ലാ സെക്രെട്ടറിയറ്റ്. സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോചനകൾ പോലും നടന്നിട്ടില്ല. എം എം മണി മലയോരത്തിന്റെ സ്വന്തം നേതാവാണ്. പൂർണ്ണ ആരോഗ്യവാനായ അദ്ദേഹത്തിന് അനാരോഗ്യമെന്ന പ്രചാരണങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ടയെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു.
സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോചനകൾ പോലും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ല. ഇതിനിടെയാണ് പറഞ്ഞറിവും കേട്ടറിവും അഭ്യൂഹങ്ങളും കൊണ്ട് പുകമറ സൃഷ്ടിക്കാൻ ചില മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നത്. ഗൃഹസമ്പർക്ക പരിപാടികൾക്കും സംസ്ഥാന ജാഥക്കും ശേഷം മാത്രമേ അത്തരം ചർച്ചകളിലേക്ക് എൽഡിഎഫും സിപിഐഎമ്മും കടക്കുകയുള്ളൂ. സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും. വസ്തുത ഇതായിരിക്കെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലെന്നും ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു.
ALSO READ; ശബരിമല സ്വർണമോഷണ കേസ്: പ്രതി ഗോവർധനിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിൻറെ പരിശോധന ഫലം ഇന്ന്
എം എം മണി എംഎൽഎക്ക് അനാരോഗ്യം എന്ന് ചിലരും ചില കേന്ദ്രങ്ങളും ദുഷ്പ്രചാരണം നടത്തുന്നുണ്ട്. യുഡിഎഫിനെ സഹായിക്കാൻ ചിലർ നടത്തുന്ന കുപ്രചാരമാണിത്. മണിയാശാൻ പൂർണ ആരോഗ്യവനാണ്. ദിവസേന 15 ലധികം പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഉടുമ്പൻചോല മണ്ഡലത്തിലും ജില്ലയിലുമാകെ 5,000 കോടിയിലേറെ വികസന പ്രവർത്തനങ്ങൾക്കാണ് എം എം മണി നേതൃത്വം നൽകിയത്. ജില്ലയുടെ ചരിത്രത്തിൽ ഇത്രയും പുരോഗതിയും വികസനവും നടന്ന അനുഭവം ഉണ്ടായിട്ടില്ല.
ആറര പതിറ്റാണ്ടിലേറെ കാലത്തെ പൊതുപ്രവർത്തന പരിചയവും മികവും ജനപ്രതിനിധിയായപ്പോഴുള്ള നാടിനായുള്ള സമർപ്പിത പ്രവർത്തനങ്ങളുമെല്ലാം നാട്ടിലെ ആബാലവൃദ്ധർക്കും ബോധ്യമുള്ളതാണ്. എന്നാൽ ചില നിക്ഷിപ്‌ത താൽപ്പര്യക്കാർ മണിയാശാനെതിരെ വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായും ഇത് പൊതുസമൂഹം തള്ളുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

