
ഇടത്പക്ഷത്തിൻ്റ സംഘ്പരിവാർ വിരുദ്ധ നിലപാടിന് ശാഖാ കാവൽക്കാരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയാണ് പി എം ശ്രീ കരാറിൽ ഒപ്പ് വെക്കാൻ നിർബന്ധിതമായത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പി എം ശ്രീ പദ്ധതിയുടെ പേരിൽ ജനകീയ സർക്കാറിനെയും
ഇടത്പക്ഷത്തെയും തീർത്ത് കളയാം എന്ന് വ്യാമോഹിക്കുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ കോട്ടകെട്ടി സംരക്ഷിക്കും എന്നും വി കെ സനോജ് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയാണ് പി എം ശ്രീ കരാറിൽ ഒപ്പ് വെക്കാൻ നിർബന്ധിതമായത്.
പി എം ശ്രീ യിൽ ഒപ്പ് വെക്കാത്തതിനാൽ തടഞ്ഞ് വെക്കപ്പെട്ട
SSK /SSA ഫണ്ട്
1158 കോടിയാണ്. അടുത്ത അഞ്ച് വർഷത്തേക്ക് ഗുണമേന്മാ പദ്ധതിക്ക് ഏതാണ്ട് 3000 കോടിയും ലഭിക്കേണ്ടതാണ്. ഇത്രയും തുക വേണ്ടെന്ന് വെക്കാൻ സംസ്ഥാന സർക്കാരിന് ഇപ്പോൾ കഴിയുന്ന നില ഇല്ലന്നത് യാഥാർത്ഥ്യ ബോധത്തോടെ കണ്ടേ പറ്റൂ.
ഈ തുക വാങ്ങിയെടുക്കാൻ സ്വീകരിച്ച സമീപനത്തെ മുൻനിർത്തി
സംഘപരിവാരുമായി സന്ധി ചെയ്തു എന്ന പ്രതീതി സൃഷ്ടിക്കുന്നതിന് പിന്നിൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ നീക്കമാണ്.
വിദ്യാഭ്യാസ മേഖലയിൽ സംഘ്പരിവാർ ഉയർത്തുന്ന വിഭജനത്തിന്റെയും കേരള വിരുദ്ധവുമായ നിലപാടുകൾ കേരളത്തിലെ ഇടതുപക്ഷം ശക്തമായി നേരിടുന്നതിനു സമീപകാല ഉദാഹരണങ്ങൾ തന്നെ നിരവധിയാണ്.
സർവ്വകലാ ശാലയിലെ കാവി വൽക്കരണം – ഗവർണ്ണർക്കെതിരെ നടത്തിയ രാഷ്ട്രീയ സമരം, ചാൻസിലർ പദവിയിൽ നിന്ന് നീക്കാൻ ബിൽ കൊണ്ട് വന്നത്,
രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ച ഇടത് മന്ത്രിമാരുടെ
പ്രത്യക്ഷ സമരങ്ങൾ, ഗവർണറുടെ അധികാര പരിധി കുട്ടികളെ പഠിപ്പിക്കാൻ പാഠ പുസ്തകത്തിൽ എഴുതി ചേർത്തത്,
NCERT വെട്ടി മാറ്റിയ ഗാന്ധി വധചരിത്രവും മുഗൾ ചരിത്രവും
അബ്ദുൾ കലാം ആസാദിൻ്റെ ജീവചരിത്രവും
കേരളത്തിൽ പ്രത്യേക പാഠമാക്കി പഠിപ്പിച്ചത്. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ പകൽ പോലെ നമ്മുടെ മുന്നിലുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ
FIUGP നടപ്പാക്കുന്ന ഘട്ടത്തിൽ കേന്ദ്രം നിശ്ചയിച്ച സോഫ്റ്റ് വെയറിന് പകരം കേരളം ബദൽ സോഫ്റ്റ് വെയർ ഉപയോഗിച്ചതും
NEP വന്നതിന് ശേഷം ഇന്ത്യയിൽ പാഠ്യപദ്ധതിയും പാഠപുസ്തകവും സംസ്ഥാന താല്പര്യത്തിന് അനുസരിച്ചു പരിഷ്കരിച്ച ഏക സംസ്ഥാനവും കേരളമാണ്.
NCERT സിലബസ് അല്ല SCRTC സിലബസ് തന്നെ ഇവിടെ പഠിപ്പിക്കും എന്നും അതിൽ തൊട്ട് കളിക്കേണ്ട എന്നും ധീരമായി പറഞ്ഞ വിദ്യാഭ്യാസമന്ത്രി ശിവൻ കുട്ടിയാണ്.
എന്നാൽ ഇക്കാര്യങ്ങളിൽ എല്ലാം കേരളത്തിലെയും രാജ്യത്തെയും കോൺഗ്രസ് നിലപാട് സംഘപരിവാറിന് അനുകൂലമാണ്. ഗവർണ്ണറെ മുൻനിർത്തി കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ പിടിക്കാനുള്ള സംഘപരിവാർ നീക്കത്തിനു ചൂട്ടു തെളിക്കുന്ന നിലപാടാണ് കേരളത്തിലെ കോണ്ഗ്രസ് -ലീഗ് നേതൃത്വം സ്വീകരിച്ചത് എന്ന് ഈ നാട്ടിലെ എല്ലാവർക്കും അറിയുന്ന കാര്യമാണ്.
ഒരു എതിർവാദവും പറയാതെ തുടക്കത്തിൽ തന്നെ രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ആവേശപൂർവ്വം നടപ്പിലാക്കിയതാണ്
പിഎം ശ്രീ പദ്ധതി. വസ്തുതകൾ നമുക്കു മുന്നിലുള്ളപ്പോഴാണ് ഒരു ഉളുപ്പുമില്ലാതെ അഖിലേന്ത്യാ നേതാവ്
കെ സി വേണുഗോപാൽ നുണ പറയുന്നത്.
കേരളത്തിന് അർഹമായ ഫണ്ട് പോലും കൊടുക്കാത്ത കേന്ദ്ര നയങ്ങൾക്കെതിരെ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ശബ്ദമുയർത്തുന്നത് നാം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?. പ്രതിപക്ഷത്താണ് എന്നത് കൊണ്ട്, ഭരണകക്ഷിയെ എതിർക്കുക മാത്രമാണ് നമ്മുടെ ജോലിയെന്നും, അതിന് ബിജെപി യെയും കൂടെ കൂട്ടാം എന്ന സമീപനവുമാണ് കേരളത്തിലെ കോൺഗ്രസ്സ് സ്വീകരിക്കുന്നത്.
യഥാർത്ഥത്തിൽ ഇവിടെ കേന്ദ്രാവിഷ്കൃത പദ്ധതികളെ മുൻ നിർത്തി ഫെഡറൽ തത്വം അട്ടിമറിക്കുന്ന യൂണിയൻ ഗവൺമെൻ്റിനെതിരെ ഉയരേണ്ട പ്രതിഷേധത്തെ വഴിതിരിച്ച് വിട്ട് RSS നെ സഹായിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്.GST വന്നതിന് ശേഷം സംസ്ഥാനങ്ങളുടെ വരുമാന നഷ്ടവും
വായ്പാ അനുമതി നിഷേധവും
വയനാട് ദുരന്ത ഫണ്ട് തടഞ്ഞ് വെച്ചതും അത് മലയാളികളെ എങ്ങനെ ബാധിക്കുന്നു എന്നും ചർച്ച യാവണം.
കോൺഗ്രസ് ആഗ്രഹിക്കുന്നത്
കേന്ദ്രഫണ്ട് കിട്ടാതെ സ്കൂളുകൾ പൂട്ടണമെന്നും
ലൈഫ് പദ്ധതിയുടെ വീടുകൾ പാതി വഴിയിൽ ആവണമെന്നും
ഹൈവേ വികസനവും
പെൻഷനും മുടങ്ങണം എന്നും ആണ്.
അതിൻ്റെ കുറ്റം സംസ്ഥാന സർക്കാറിന് മുകളിൽ ചാർത്തി
മറിയച്ചേടത്തി മാരെ രംഗത്തിറക്കി
തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്നാണ്.
ഇതെല്ലാം മനസിലാക്കാനുള്ള
രാഷ്ട്രീയ പക്വത കേരളം എന്നേ ആർജിച്ചു കഴിഞ്ഞു എന്ന് ഇവരോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കണം.
അത് കൊണ്ട്
പി എം ശ്രീ പദ്ധതിയുടെ പേരിൽ
ജനകീയ സർക്കാറിനെയും
ഇടത്പക്ഷത്തെയും തീർത്ത് കളയാം
എന്ന് വ്യാമോഹിക്കുന്നവരോട്
ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ
വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ കോട്ടകെട്ടി സംരക്ഷിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

