
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തൊഴിലറക്കുന്ന പദ്ധതിയാക്കി ബിജെപി മാറ്റിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആലപ്പുഴ പാസ്പോർട്ട് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2015–ൽ പാർലമെന്റിൽ തൊഴിലുറപ്പ് പദ്ധതിയെ പരിഹസിച്ച മോദി, പിന്നീട് ഫണ്ട് വെട്ടിക്കുറച്ചു. പിന്നാലെ ആധാറുമായി ലിങ്ക് ചെയ്യുന്നതിന്റെ പേരിൽ എട്ടുകോടിയോളം മനുഷ്യരെ പദ്ധതിയിൽനിന്ന് വെട്ടി. പീന്നീട് ജിയോടാഗും പോർട്ടൽ എടുക്കലിന്‍റെയും പേരിൽ കടുംവെട്ട് നടത്തി. ഗാന്ധിജിയെ ബിജെപിക്ക് അലർജിയാണ്. രക്തസാക്ഷിയായ ഗാന്ധിയെക്കാൾ ജനങ്ങളുടെ മനസിലുള്ള ഗാന്ധിയെയാണ് അവർക്ക് ഭയം. പേരിലാണ് പ്രശ്‌നമെങ്കിൽ ഗാന്ധിയെ വീണ്ടും വീണ്ടും കൊല്ലുകയാണ് അദ്ദേഹത്തിന്റെ പേരിലുള്ള പദ്ധതി തകർക്കുന്നതോടെ ആർഎസ്‌എസ് ചെയ്യുന്നത്.
വിബി ജി റാംജി പദ്ധതിയുടെ പേരുമാറ്റി വിബി ഗോഡ്സേ ജി പദ്ധതിയെന്നാക്കണം. കാരണം മനുഷ്യരെ അറക്കുന്ന കൂട്ടത്തിലാണ് ഗോഡ്‌സെ. സംസ്ഥാനത്തിന്റെ സവിശേഷതകൾക്ക് അനുസരിച്ചുള്ള പദ്ധതി നിർവഹണമാണ് തൊഴിലുറപ്പ് പദ്ധിയുടെ ഉൾക്കാമ്പ്. പ്രത്യേക പരിഗണന വേണ്ട മേഖലകൾ സംസ്ഥാനത്തിന് തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ പുതിയ നിയമം ഇതു തകർക്കും. ഗ്രാമസ്വരാജ് എന്ന അധികാര വികേന്ദ്രീകരണത്തിന്റെ കേന്ദ്ര കാഴ്‌ചപ്പാടിനും എതിരാണിത്. കേന്ദ്രസർക്കാറിന്റെ പുതിയനിയമം റദ്ദാക്കണം.
തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചപ്പോൾ എല്ലാചെലവും കേന്ദ്രസർക്കാറാണ് വഹിച്ചത്. ഇപ്പോഴത് 60 ശതമാനം കേന്ദ്രവും 40 ശതമാനവും സംസ്ഥാനം എന്നതാക്കുമ്പോൾ പ്രതിവർഷം 1500 മുതൽ 2000 കോടിവരെ അധികചെലവ് വേണ്ടിവരും. ഓരോ പദ്ധതികൾക്കും ഫണ്ട് വെട്ടിക്കുറയ്ക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം നേരിടുന്ന സംസ്ഥാനത്തിന് ഇത് താങ്ങാൻ കഴിയില്ല. എന്നാലും അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ വീട് കയറി പറയും തൊഴിലുറപ്പ് പദ്ധതി പിണറായി വിജയൻ തൊഴിലുറപ്പ് ഇല്ലാതാക്കിയെന്ന്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്‌ഐആറിന്റെ കാര്യത്തിൽ അങ്ങനെയല്ലായിരുന്നു പ്രചാരണം. എസ്‌ഐആറിന്റെ പേരിൽ വോട്ടർപട്ടികയിൽനിന്ന് വോട്ടർമാരെയും കടുംവെട്ട് നടത്തി. ബീഹാറിൽ 65 ലക്ഷമാണെങ്കിൽ തമിഴ്നാട്ടിൽ 97 ലക്ഷംപേരെയാണ് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

