
അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാതെ അഴിമതി മുഖമുദ്രയാക്കിയാണ് കണ്ണൂർ കോർപ്പറേഷൻ ഭരണസമിതി മുന്നോട്ട് പോകുന്നതെന്ന് സിപിഐഎം നേതാവ് എം പ്രകാശൻ മാസ്റ്റർ. കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പടക്കളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേഷനിൽ നല്ല റോഡുകളോ വെള്ളമോ വെളിച്ചമോ നൽകുന്നില്ലെന്നും ഭരണസമിതി ഒരു കാര്യവും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
കോർപ്പറേഷൻ ചെയ്യുന്നില്ലെന്ന് പറയുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത് മാലിന്യ പ്രശ്നമാണ്. 2017 ലെ തെരഞ്ഞെടുപ്പ് നടന്ന കാലത്ത് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യ പ്രശ്‌നം സംസ്ഥാന സർക്കാർ ഒരു ഏജൻസിയെ നിശ്ചയിച്ച് പരിഹരിക്കുകയും അവയെ ഒന്നാംതരം ഉദ്യാനങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, ഈ നിലപാടിനെ സ്വീകരിക്കാൻ മോഹന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തയ്യാറായില്ല. തങ്ങൾക്ക് പ്രത്യേക സെറ്റപ്പ് വേണമെന്ന നിലപാടാണ് അവർ എടുത്തതെന്നും, ഇതിന്റെ ഫലമായി ചിലരുടെ മാലിന്യം നീങ്ങുക മാത്രമാണ് ചെയ്തതെന്നുമുള്ള ചോദ്യങ്ങൾ ഉയരുന്നു.
ഓഡിറ്റ് റിപ്പോർട്ടിൽ കോർപ്പറേഷന്റെ സാമ്പത്തിക ക്രമക്കേടുകൾ കാണാൻ കഴിയും. ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച്, 1.77 കോടി രൂപ അധികമായി നൽകിയിട്ടുണ്ട്. കൂടാതെ, 2.77 കോടി രൂപയുടെ ക്രമരഹിതമായ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇത് ഞങ്ങളല്ല, ഓഡിറ്റ് റിപ്പോർട്ട് ബോർഡ് തന്നെയാണ് പറയുന്നതെന്നും എം പ്രകാശൻ മാസ്റ്റർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഈ വിഷയത്തിൽ വിജിലൻസ് കേസും നിലനിൽക്കുന്നുണ്ട്.
ഏറ്റവും ഒടുവിലായി മരക്കാർ കണ്ടിയിൽ ആസൂത്രണം ചെയ്ത സീവേജ് പ്ലാന്റ് പദ്ധതിയിലും വൻ അഴിമതി നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. 40 കോടി രൂപയുടെ പദ്ധതി പരസ്യപ്പെടുത്തിയെങ്കിലും അത് 140 കോടി രൂപയ്ക്കാണ് നൽകിയത്. ഈ 100 കോടി രൂപയുടെ അധിക ചെലവ് എന്തിനുവേണ്ടിയാണെന്ന് ചോദ്യം ഉയരുന്നു. അഴിമതിയുടെ പേരിലാണ് സംസ്ഥാന ഗവൺമെന്റ് ഈ പദ്ധതി റദ്ദ് ചെയ്തതെന്നും വിമർശനമുയർന്നിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


