
കാസർകോഡ് 60കാരനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. കാസർഗോഡ് വോർക്കാടി കൊമ്പംകുഴിയിലാണ് സംഭവം. അബ്ദുറഹ്മാൻ എന്നയാളെയാണ് കാറിലെത്തിയ ഒരു സംഘം ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
അബ്ദുറഹ്മാനെ തട്ടിക്കൊണ്ടു പോയത് ഗുണ്ടാ സംഘമാണെന്നാണ് ബന്ധുക്കളുടെ സംശയം. രാജസ്ഥാനിൽ നിന്നുള്ള പൊലീസ് സംഘമെന്ന് പറഞ്ഞാണ് അബ്ദുറഹ്മാനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ യൂണിഫോം ധരിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
സംഭവ സമയം അബ്ദുറഹ്മാന്റെ ഭാര്യ അടക്കമുള്ളവർ വീട്ടിൽ ഉണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അബ്ദുറഹ്മാനെതിരെ രാജസ്ഥാനിൽ സാമ്പത്തിക കേസുകൾ ഉള്ളതായാണ് സൂചന. പ്രതികൾ കർണ്ണാടകയിലേക്ക് കടന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ബന്ധുക്കളുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

