
കൊട്ടാരക്കര പള്ളിക്കൽ ഏലാപ്പുറം സർപ്പക്കാവിൽ വിഗ്രഹങ്ങൾ നശിപ്പിക്കുകയും കൽവിളക്കുകൾ അടിച്ചു തകർക്കുകയും ശിവലിംഗം കിണറ്റിലിടുകയും ചെയ്ത കേസിൽ പ്രതിയായ ബിജെപി – സംഘപരിവാർ പ്രവർത്തകനെ ജയിലിലടച്ചു. പള്ളിക്കൽ മുകളിൽ വീട്ടിൽ ബി രഘു(49) ആണ് പിടിയിലായത്. ഇയാള്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കലയപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച മുൻ മൈലം ഗ്രാമപ്പഞ്ചായത്തംഗം പള്ളിക്കൽ രാധാമണിയുടെ ഭർത്താവാണ്.
കഴിഞ്ഞ മാസം 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് ശിവ വിഗ്രഹം കടത്തിക്കൊണ്ടു പോയ ഇയാൾ സർപ്പക്കാവിലെ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും വിഗ്രഹം പിഴുതുമാറ്റി സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന് മുന്നിലെ ദുർഗാദേവി പ്രതിഷ്ഠയുടെ കൽവിളക്ക് ഉൾപ്പെടെ മൂന്ന് കൽവിളക്കുകളും കമ്മിറ്റി ഓഫിസിലെ 25 കസേരകളും രണ്ട് മേശകളും അടിച്ച് തകർത്തു.
ALSO READ: ആലത്തൂരിൽ വയോധികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകൻ പൊരുളിപ്പാടം സുരേഷ് പിടിയിൽ
മുട്ടത്തറ ജങ്ഷനിലെ ക്രിസ്മസ് പുൽക്കൂടും ഇയാള്‍ നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബിജെപിയുടെ നേതൃത്വത്തിൽ വർഗീയ വാദികൾ സംഭവം ആളി കത്തിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് നടത്തിയ സമഗ്ര അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ആക്രമണത്തിന് പിന്നിൽ രഘു ആണെന്ന് തിരിച്ചറിഞ്ഞത്.
പിന്നാലെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ക്ഷേത്ര ഭാരവാഹികളുമായി ഇയാള്‍ക്ക് തർക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിൽ നിന്നും കടത്തിയ ശിവവിഗ്രഹം 200 മീറ്റർ അകലെയുള്ള ആഴമേറിയ കിണറ്റിൽ നിന്നും കണ്ടെത്തി. രഘു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കിണർ മോട്ടർ ഉപയോഗിച്ച് വറ്റിച്ച് വിഗ്രഹം വീണ്ടെടുത്തു. കൊട്ടാരക്കര സ്‌റ്റേഷൻ ഇൻസ്പെക്‌ടർ എസ് ജയകൃഷ്‌ണന്റെ നേതൃത്വത്തിൽ എസ്ഐമാരായ അഭിലാഷ്, പങ്കജ കൃഷ്ണ, സിവിൽ പൊലീസ് ഓഫിസർമാരായ മനു കൃഷ്‌ണൻ, ശ്യാം കൃഷ്ണൻ, രാജേഷ്, ദീപക്,അസർ, പ്രകാശ കൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

