വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ പിടിയിൽ; അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും

Sandalwood smuggling

വർക്കലയിൽ ചന്ദനത്തടികളുമായി അഞ്ചുപേർ വനംവകുപ്പിന്റെ പിടിയിൽ. വർക്കലയിൽ നിന്ന് 66 കിലോ ചന്ദനത്തടികളുമായി കടന്നവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ ഗുണ്ടാ ലിസ്റ്റിലെ പ്രതിയും ഉണ്ട്. വർക്കല സ്വദേശി നിഷാദ് അയിരൂർ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ കരം, വർക്കല – ശിവഗിരി സ്വദേശി നസറുള്ള, ഇടവ സ്വദേശികളായ നൗഫൽ, ഹുസൈൻ എന്നിവരാണ് പിടിയിലായത്.

പിടിയിലായവരുടെ പ്രധാന ജോലി ചന്ദന മോഷണവും ചന്ദന കളളക്കടത്തുമാണെന്ന് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒന്നാം പ്രതിയും പ്രധാന കണ്ണിയുമായ ‘പട്ടി നിഷാദ്’ എന്നറിയപ്പെടുന്ന വർക്കല സ്വദേശി നിഷാദ് അയിരൂർ, പരവൂർ, വർക്കല , കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 15ൽ അധികം കേസുകളിലെ പ്രതിയാണ്. മോഷണം, ഭവനഭേദനം, ക്രിമിനൽ കേസ്, പിടിച്ച് പറി ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണിയാള്‍.

ALSO READ: കൊട്ടാരക്കരയിൽ കർഷകന്റെ റബ്ബർ ഷീറ്റുകൾ കവർന്നു; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അബ്ദുൽ കരമാണ് രണ്ടാം പ്രതി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് മോഷണം പോകുന്ന ചന്ദനത്തടികൾ ഇവിടെ നിന്നും മലപ്പുറത്ത് എത്തിച്ച്, അവിടെ നിന്നും കർണാടകയിലെ ബൽഗാമിലേക്കും മഹാരാഷ്ട്രയിലെ ശങ്കേശ്വറിലേക്കും കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അബ്ദുൽ കരീം. കേസിൽ നസറുള്ള മൂന്നാം പ്രതിയാണ്.

പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി വിപിൻ ചന്ദ്രനും സംഘവുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കും. 6 മാസത്തിനകം 6 കേസുകളിലായി 24 പ്രതികളിൽ നിന്നും പാലോട് വനം വകുപ്പ് 492 കിലോ ചന്ദനത്തടികളാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News