
തിരുവനന്തപുരത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 78 വർഷം കഠിന തടവും നാലേമുക്കാൽ ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയുടേതാണ് ശിക്ഷാവിധി. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2023ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ഏഴാംക്‌ളാസ് വിദ്യാർത്ഥിനി ആയിരുന്നു കുട്ടി. ആദ്യ ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷമാണ് കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും . വിവാഹ ശേഷം കുറച്ച് നാൾ കഴിഞ്ഞാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പല തവണകളായി പ്രതി ഇതാവർത്തിച്ചു.
ALSO READ: നടിയെ ആക്രമിച്ച കേസ് പ്രതി മാർട്ടിന്റെ അധിക്ഷേപ വീഡിയോ; പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
വിവരം പുറത്ത് പറയരുതെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. ഇതിനിടെ കുട്ടിയുടെ അനുജൻ വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയെ ഉപദ്രവിക്കുന്നത് കാണുകയും അമ്മയോട് വിവരം പറയുകയുമായിരുന്നു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തതോടെ പ്രതി ഇവരെ ക്രൂരമായി മർദിച്ചു. തുടർന്നാണ് അമ്മ പൊലീസിൽ പരാതി നൽകിയത്.
അതേസമയം പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഫോർട്ട് സിഐ ജെ. രാകേഷ്, എസ് ഐ മാരായ അഭിജിത്ത് എം, ശ്രീജേഷ് എസ് എസ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. 17 സാക്ഷികളെ പ്രൊസീക്യൂഷൻ വിസ്തരിച്ചു, 28 രേഖകളും അഞ്ച് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

