
ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് എത്തിക്കുന്നതിന് പിന്നിൽ വൻ റാക്കറ്റ് എന്ന് പൊലീസ്. ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ കൊല്ലം സ്വദേശി മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം സംസ്ഥാനത്തിൻ്റ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്
കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് DySP വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സംസ്ഥാനത്തൊട്ടുക്കുമുള്ള 35 ഓളം പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. കേസിൽ 20 ഓളം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. ബ്ലെസ്‌ലി ഉൾപെടെ 12 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലിയെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. മറ്റു പരാതികളിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാൽ വീണ്ടും കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കാക്കൂർ പൊലീസ് രജിസ്ട്രർ ചെയ്ത കേസിലാണ് കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
കാക്കൂർ പോലീസിൽ 22.5 ലക്ഷം രൂപ നഷ്ടപ്പെട്ട ആൾ മെയ് മാസത്തിലാണ് പരാതി നൽകിയത്. കേസിൽ വൻ റാക്കറ്റ് ഉൾപെട്ടതായി വിവരം ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവി ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പ്രതികളിൽ കൂടുതൽ പേരും താമരശ്ശേരി, കൊടുവള്ളി മേഖലയിലുള്ളവരാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

