
കൊച്ചി നഗരസഭയിലെ മേയർ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മേയർ തിരഞ്ഞെടുപ്പിനായി കൗൺസിലർമാർക്കിടയിൽ രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നടന്നിട്ടില്ലെന്നും, കൗൺസിലർമാരുടെ അഭിപ്രായം തേടുക മാത്രമാണ് നേതൃത്വം ചെയ്തതെന്നും ദീപ്തി കൈരളി ന്യൂസിനോട് പ്രതികരിച്ചു.
മേയർ സ്ഥാനത്തേക്ക് ഒരാളെ നിശ്ചയിക്കുന്നതിന്റെ ഭാഗമായി നടന്നത് ഒരു ഫോർമൽ ആയ അഭിപ്രായം ചോദിക്കൽ മാത്രമാണ്. സാധാരണ ഗതിയിൽ കെപിസിസി നിരീക്ഷകൻ എത്തിയാണ് ഇത്തരം പ്രക്രിയകൾ പൂർത്തിയാക്കാറുള്ളത്. എന്നാൽ ഇവിടെ എൻ. വേണു, ഡിസിസി പ്രസിഡന്റ് ഡൊമിനിക് പ്രസന്റേഷൻ എന്നിവർ കൗൺസിലർമാരുടെ അഭിപ്രായം തേടുകയായിരുന്നു. കൗൺസിലർമാർക്കിടയിൽ തനിക്ക് പിന്തുണ കുറവാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും, ഒരു ഔദ്യോഗിക വോട്ടെടുപ്പ് നടക്കാത്തതിനാൽ അത്തരം നമ്പറുകളെ കുറിച്ച് തനിക്ക് അറിവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കൊച്ചി നഗരസഭ ഭരണം തിരിച്ചുപിടിക്കുക എന്നതായിരുന്നു പാർട്ടി തന്നെ ഏൽപ്പിച്ച പ്രധാന ഉത്തരവാദിത്തമെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ഒരു മാസമായി താൻ പ്രവർത്തിച്ചതെന്നും, യുഡിഎഫിന് ഭൂരിപക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യം നേടിയതായും അവർ പറഞ്ഞു. മേയർ പദവി ഒരു ജീവിതലക്ഷ്യമായി താൻ കണ്ടിട്ടില്ലെന്നും, ഏതെങ്കിലും പാർലമെന്ററി താല്പര്യത്തോടെയല്ല താൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ ഏത് മാനദണ്ഡത്തിലാണ് നിലവിലെ തീരുമാനങ്ങൾ എടുത്തതെന്ന് പറയേണ്ടത് നേതൃത്വമാണെന്ന് അവർ പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

