
കൊച്ചി മേയറാകാൻ ലക്ഷ്യമിട്ടിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ് കോർപറേഷൻ സ്ഥിരംസമിതി അംഗം. ആരോഗ്യ സ്ഥിരംസമിതിയിലാണ് ദീപ്‌തി അംഗമായത്. നഷ്ടമായ മേയർ സ്ഥാനത്തിന് പകരം എംഎൽഎ പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങളും കെ സി വേണുഗോപാലിന്റെ പിന്തുണയോടെ ദീപ്‌തി ആരംഭിച്ചു കഴിഞ്ഞു
കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിലും കൈപിസിസി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗ്ഗീസിന് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതിയിൽ അംഗത്വം നൽകിയിരിക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം. ഒന്പതുപേരാണ് സമിതിയിലുള്ളത്. മേയർ സ്ഥാനം നഷ്ടമായതിൽ പരസ്യമായി വിയോജിപ്പ് അറിയിച്ച ദീപ്തിയെ മെട്രോപൊളിറ്റൻ സമിതി അധ്യക്ഷ പദവി നൽകി തൃപ്‌തിപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ കെ.സി വേണുഗോപാലിന്റെ പിന്തുണയോടെ നഷ്ടമായ മേയർ സ്ഥാനത്തിന് പകരം എംഎൽഎ പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ദീപ്‌തി നടത്തുന്നത്.
കോർപറേഷനിലേക്ക് വിജയിച്ചാൽ മേയറാക്കാമെന്ന് നേതൃത്വം ദീപ്‌തിക്ക് വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ, രണ്ടരവർഷംവീതം എ, ഐ ഗ്രൂപ്പുകൾ മേയർ സ്ഥാനം പങ്കിടാനായിരുന്നു തീരുമാനം. രണ്ടരവർഷം വി കെ മിനിമോളിനെയും ശേഷിക്കുന്ന കാലയളവിൽ ഷൈനി മാത്യുവിനെയും മേയറായി കോൺഗ്രസ് തീരുമാനിച്ചു.
കെ സി വേണുഗോപാലിന്റെ ഗ്രൂപ്പുകാരിയായ ദീപ്‌തിയെ വെട്ടിയതിൽ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കെപിസിസി പദവികളിലുള്ളവരെ പരിഗണിക്കണമെന്നുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് മേയറെ തീരുമാനിച്ചതെന്നുകാട്ടിയായിരുന്നു പരാതി. എന്നാൽ, കെ സി വേണുഗോപാലിനെ ഉന്നമിട്ട് ഇരുഗ്രൂപ്പുകളും നടത്തിയ സംയുക്ത ഓപ്പറേഷൻ ദീപ്‌തിയുടെ മേയർ സ്വപ്നത്തിന് വെല്ലുവിളിയായി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

