
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു പരാതി കൂടി എത്തിയിരിക്കുകയാണ്. ഇതോടെ എംഎൽഎയ്ക്ക് കുരുക്ക് കൂടുതൽ മുറുകും. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഹോട്ടൽ മുറിയിൽ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പെൺകുട്ടി ഇ-മെയിൽ മുഖേന പരാതി നൽകിയത്. വളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പരാതിയിലുള്ളത്.
വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇൻസ്റ്റഗ്രാം മുഖേനയാണ് രാഹുൽ പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിനു ശേഷം ടെലിഗ്രാം നമ്പർ വാങ്ങുകയും അതിൽ സന്ദേശങ്ങൾ അയക്കുകയും ചെയ്തു. രാഹുൽ തന്നെ ആണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഈ കാര്യം വീട്ടുകാരോട് പറഞ്ഞപ്പോൾ രാഷ്ട്രീയക്കാരനായതിനാൽ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് പാർട്ടിയിലെ പല ആളുകളോടും അന്വേഷിച്ചപ്പോൾ രാഹുലിന് പാർട്ടിയിൽ ഒരു ഭാവി ഉണ്ടെന്ന് അറിയുകയും പിന്നീട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആയതോടെ വീട്ടുകാർ സമ്മതിക്കുകയും ചെയ്തു. ഈ കാര്യം രാഹുലിനോട് പറഞ്ഞപ്പോൾ വീട്ടുകാരുമായി തന്റെ വീട്ടുകാരെ വന്നുകാണാമെന്നാണ് രാഹുൽ പറഞ്ഞത് എന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
ഈ സമയത്ത് അവധിയ്ക്ക് നാട്ടിലെത്തിയപ്പോൾ രാഹുൽ തങ്ങളുടെ ഭാവികാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ കാണണം എന്ന് ആവശ്യപ്പെട്ടു. സുഹൃത്തായ ഫെന്നി നൈനാൻ ഓടിച്ച കാറിൽ രാഹുൽ എത്തുകയും സിറ്റിയിൽ നിന്നും അകലെയുള്ള ഒരു ഹോം സ്റ്റേയിൽ കൊണ്ട് പോകുകയും ചെയ്തു. അവിടെ വെച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. സംഭവ ശേഷം ഫെന്നി തങ്ങളെ തിരികെ കൊണ്ടു പോയി തന്നെ വീടിനടുത്തുള്ള വഴിയിൽ ഇറക്കി വിടുകയാണെന്നും പരാതിയിൽ പറയുന്നു. തന്റെ ശാരീരിക അവസ്ഥയെക്കുറിച്ചോ മാനസികാവസ്ഥയെ കുറിച്ചോ ഒരു വാക്ക് പോലും ചോദിക്കാതെയാണ് തന്നെ വീടിനടുത്ത് ഇറക്കി വിട്ടതെന്നും പരാതിയിൽ പെൺകുട്ടി പറയുന്നു.
രണ്ട് വർഷം മുമ്പാണ് സംഭവം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ബലാത്സംഗത്തിന് ശേഷം തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി. ശ്വാസം എടുക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാനിക്ക് അറ്റാക്കിനുള്ള മരുന്ന് കഴിക്കും മുമ്പ് വീണ്ടും ആക്രമിച്ചെന്നും പെൺകുട്ടി പറയുന്നു. രാഹുലിന്റെ പെരുമാറ്റം ഒരും പൊതുപ്രവർത്തകന് ഒട്ടും യോജിച്ചതല്ല, പൊതുപ്രതിനിധിയുടെ ഉത്തരവാദിത്വങ്ങൾക്കു നേരെ ഓപ്പസിറ്റായ ആളാണ് അയാൾ എന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

