
സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ബിആര്‍സി, ഭിന്നശേഷി കുട്ടികള്‍ക്കായി ‘സഫലമീയാത്ര’ എന്ന പേരില്‍ ഒരു വിമാനയാത്ര സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 19 കുട്ടികള്‍ പറന്നെത്തി. വിമാനയാത്രയ്ക്ക് ശേഷം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കണ്ട് കുട്ടികള്‍ സന്തോഷം പങ്കുവച്ചു.
നിയമസഭയിലെ മന്ത്രിയുടെ ചേംബറിലെത്തിയാണ് കുട്ടികള്‍ മന്ത്രിയോട് യാത്രാനുഭവം പങ്കുവച്ചതും. പാട്ടുപാടിയും ഒപ്പം കൂടിയ കുട്ടികള്‍ക്ക് മന്ത്രി മധുരവും പൂക്കളും സമ്മാനിച്ചു. വിവിധ ഭിന്നശേഷി (CWSN)വിഭാഗത്തില്‍പ്പെട്ട കുട്ടികളും മൂന്ന് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന 27 അംഗ സംഘമാണ് സംഘത്തിലുള്ളത്.
കുട്ടികള്‍ക്ക് ആത്മവിശ്വാസവും മനോധൈര്യവും നല്‍കുന്നതിനായാണ് യാത്ര സംഘടിപ്പിച്ചത്. സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ തങ്ങള്‍ക്കും പ്രാപ്യമാണെന്ന തിരിച്ചറിവ് ഈ കുട്ടികളില്‍ വലിയ ആത്മവിശ്വാസം വളര്‍ത്തും. തങ്ങള്‍ക്കും ഇത് സാധിക്കും എന്ന ചിന്ത അവരുടെ മാനസിക വളര്‍ച്ചയ്ക്ക് വലിയ കരുത്തേകും. വിമാനത്താവളത്തിലെ നടപടിക്രമങ്ങളും സുരക്ഷാ പരിശോധനകളും കുട്ടികള്‍ക്ക് പുതിയ അറിവുകള്‍ കൂടി പകർന്നുനൽകി.
ലോക കേരളസഭാ അംഗം ജയിംസ് ചക്കാട്ടാണ് കുട്ടികള്‍ക്കായി ഈ യാത്ര സ്‌പോണ്‍സര്‍ ചെയ്തത്. യാത്ര കോര്‍ഡിനേറ്റ് ചെയ്തത് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ് ആണ്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ രശ്മിയും പങ്കെടുത്തു. ചൈല്‍ഡ് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. രാഹുലാണ് കുട്ടികളെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

