260ല്‍പ്പരം സാക്ഷികൾ, തുടരെ തുടരെ ഹര്‍ജികള്‍; നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്

DILEEP CASE

നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നടന്‍ ദിലീപ് ഉള്‍പ്പടെ 10 പേര്‍ പ്രതികളായ കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്.

7 വര്‍ഷവും 7 മാസവും നീണ്ട വിചാരണയ്ക്കൊടുവിലാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിധി പറയുന്നത്. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. മാര്‍ട്ടിന്‍ ആന്‍റണി, മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ചാര്‍ലി തോമസ്, സനില്‍കുമാര്‍, ദിലീപിന്‍റെ സുഹൃത്ത് ശരത് എന്നിവരാണ് മറ്റുപ്രതികള്‍.

ALSO READ: ‘ഗൾഫ് സഹോദരങ്ങളെ പിഴിയാൻ വിമാനക്കമ്പനികളെ അനുവദിച്ച കുറ്റത്തിന് എന്തു ശിക്ഷയാണ് നൽകേണ്ടത്?’: ഡോ. ജോൺ ബ്രിട്ടാസ് എം പി

2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടുന്ന വാഹനത്തില്‍വെച്ച് നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് പ്രതികള്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പള്‍സര്‍ സുനി ഉള്‍പ്പടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. നടന്‍ ദിലീപിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടിയെ ആക്രമിച്ചതെന്നതിന് തെളിവുകള്‍ ലഭിച്ചതോടെ കേസില്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഗൂഢാലോചന തുടങ്ങി 10ലധികം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും 2018ല്‍ വിചാരണ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളും രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും കൊവിഡ് നിയന്ത്രണങ്ങളും എട്ടാം പ്രതി ദിലീപ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തുടരെ തുടരെ ഹര്‍ജികള്‍ സമര്‍പ്പിച്ചതുമെല്ലാം വിചാരണ നീണ്ടുപോകാന്‍ കാരണമായി. 260ല്‍പ്പരം സാക്ഷികളെ വിസ്തരിക്കുകയും 1600ലധികം രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് തിങ്കളാഴ്ച അന്തിമ വിധി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News