
ഇടുക്കിയിൽ കോൺഗ്രസിനോട് ഇടഞ്ഞ് മുസ്ലീം ലീഗ്. ഉടുമ്പഞ്ചോല നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂന്ന് വാർഡുകളിൽ ലീഗ് ഒറ്റയ്ക്കു മത്സരിക്കും. കൂടിയാലോചന നടത്താതെ തെരഞ്ഞെടുപ്പിൽ ലീഗിന്റെ സീറ്റ് ഏറ്റെടുത്ത കോൺഗ്രസ് മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. നെടുംകണ്ടം ഗ്രാമ പഞ്ചായത്തിലെ 7, 16 വാർഡുകളിലും രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡിലുമാണ് മുസ്ലീം ലീഗ് മത്സരിയ്ക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ നെടുംകണ്ടത്തെ രണ്ട് വാർഡുകളിൽ ലീഗ് ആണ് മത്സരിച്ചത്.
ഇതോടൊപ്പം രാജാക്കാട് പഞ്ചായത്തിലെ ഒരു വാർഡ് വിട്ടു നൽകാമെന്നും മുൻപ് ധാരണ ഉണ്ടാക്കിയിരുന്നു. എന്നാൽ മുന്നണി മര്യാദകൾ പോലും പാലിക്കാതെ കഴിഞ്ഞ തവണ മത്സരിച്ച വാർഡുകൾ പോലും തിരിച്ചെടുത്ത് കോൺഗ്രസ് നേതാക്കൻമാരുടെ ഇഷ്ടകാർക്ക് കൊടുത്തതായാണ് ലീഗിന്റെ ആരോപണം.
നെടുംകണ്ടം ഏഴാം വാർഡിൽ യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സിയാദ് കുന്നുകുഴിയും 16 ആം വാർഡിൽ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ റഷീദും രാജാക്കാട് ഒൻപതാം വാർഡിൽ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ എം സുധീറുമാണ് മത്സയ്ക്കുന്നത്. കോൺഗ്രസിലെ പ്രാദേശിക നേതാക്കൻമാർക്ക് മത്സരിയ്ക്കാൻ ജനറൽ വാർഡുകൾ ഇല്ലാതെ വന്നതോടെ ലീഗിന്റെ സീറ്റ് ചർച്ച പോലും ചെയ്യാതെ ഏറ്റെടുക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

