
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും നല്ല ചികിത്സ കിട്ടിയില്ലെന്നുമാണ് പിതാവ് ആരോപിക്കുന്നത്. അക്രമിയെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഡോക്‌ടറെ വിദഗ്ദചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പരുക്ക് ഗുരുതരമല്ലെന്നാണ് എന്നാണ് പ്രാഥമിക നിഗമനം. ഡോക്ടറുടെ തലച്ചോറിൽ മുറിവേറ്റിട്ടില്ല. എന്നാല്‍ തലയോട്ടിയിൽ വെട്ടേറ്റിട്ടുണ്ട്. എല്ലാവരെയും ഡോക്ടർ തിരിച്ചറിയുന്നുണ്ട്. രക്തസമ്മർദ്ദം അടക്കം എല്ലാം നോർമലായി തുടരുന്നുണ്ട്. സി ടി സ്കാൻ കഴിഞ്ഞിട്ടുണ്ട്. ഓർമ്മശക്തിക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല. നിലവിൽ ന്യൂറോ സർജറി ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.
കഴിഞ്ഞ ആഗസ്റ്റ് 14ന് ആണ് കുട്ടി മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. പിന്നാലെ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.
സംഭവത്തിന് പിന്നാലെ താലൂക്ക് ആശുപതിക്ക് സമീപം ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. താമരശ്ശേരി ആശുപത്രിയിൽ അവശ്യ സർവീസ് ഉൾപ്പെടെ പണിമുടക്കും എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും. ശക്തമായ നിയമ നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ ഒപി ബഹിഷ്കരിക്കും
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറിന് തലയ്ക്ക് വെട്ടേറ്റ സംഭവത്തില്‍ നാളെ കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ ഒ പി ബഹിഷ്കരിക്കുമെന്ന് കെ ജി എം ഒ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. സുരേഷ്. അവശ്യ സേവനങ്ങൾ മുടങ്ങില്ലെന്ന് അറിയിച്ചിട്ടുണ്ട്. തുടർ പ്രതിഷേധങ്ങൾ സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

