
മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലത്ത് കുഴഞ്ഞുവീണ ആൾക്ക് രക്ഷകനായി ഡോക്ടർ ജോ ജോസഫ്. പത്തനംതിട്ട സ്വദേശി എം സി സജിയാണ് കുഴഞ്ഞുവീണത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നത് അറിഞ്ഞ് കലൂർ സ്റ്റേഡിയത്തിന് സമീപത്തെ യോഗ സ്ഥലത്ത് എത്തിയതായിരുന്നു സജി. പാർട്ടി പ്രവർത്തകർക്കിടയിൽ വേദിയുടെ പടിഞ്ഞാറുഭാഗത്ത് നിന്നിരുന്ന സജി സമ്മേളനം നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതു കണ്ട സി പി ഐ എം പ്രവർത്തകർ വേദിയിലുണ്ടായിരുന്ന ഡോക്ടർ ജോ ജോസഫിനെ വിവരം അറിയിച്ചു. ഉടൻതന്നെ പ്രാഥമിക ചികിത്സയായ സിപിആർ നൽകിയശേഷം ഇദ്ദേഹത്തെ ഡോക്ടറുടെ നേതൃത്വത്തിൽ തന്നെ ആംബുലൻസിലേക്ക് മാറ്റി. രോഗിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനും ഡോക്ടർ നിർദ്ദേശം നൽകി.
പാർട്ടി പ്രവർത്തകർ ചേർന്ന് ആംബുലൻസിൽ സജിയെ ഉടൻ തന്നെ എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സജിക്ക് അടിയന്തിര ചികിത്സയും നൽകി. ആദ്യത്തെ ക്ഷീണം മാറിയ സജി ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു.
ALSO READ: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; സമയപരിധി നീട്ടി
രണ്ടുദിവസമായി ഉറക്കം കുറവായിരുന്നു എന്നും അതായിരിക്കാം കുഴഞ്ഞുവീഴാൻ കാരണം എന്നുമാണ് ഇദ്ദേഹം ഡോക്ടർമാരോട് പറഞ്ഞത്. അതേ സമയം ഹൃദയസ്തംഭനം ഉണ്ടായതാണോ കുഴഞ്ഞുവീഴാൻ കാരണം എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ഇദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പത്തനംതിട്ട സ്വദേശിയായ സജി എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സുഹൃത്തിനൊപ്പം എറണാകുളം സൗത്തിലാണ് താമസിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


