ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ലെന്ന കേന്ദ്ര റെയിൽ മന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുന്നു; ‍ഡോ ജോൺ ബ്രിട്ടാസ് എംപി

johnbrittas mp

ഡോ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയായി ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ല എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രാലയം സമ്മതിച്ചതും ചോദ്യവുമായി ബന്ധമില്ലാത്ത മറുപടികൾക്കിടയിൽ മറച്ച് വച്ച ഈ വെളിപ്പെടുത്തൽ പദ്ധതിയുടെ ഭാവി സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുന്നതായും ഡോ ജോൺ ബ്രിട്ടാസ് എംപി.

പുതിയ ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ പദ്ധതിയെ കുറിച്ച് മെട്രോമാൻ ഇ. ശ്രീധരൻ പരസ്യമായി അവകാശവാദം ഉന്നയിച്ചിരുന്നു ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് പദ്ധതി പൂർണ്ണമായും ഒഴിവാക്കി എന്ന ഔദ്യോഗിക മറുപടി പാർലമെന്റിൽ വന്നത്.ഇത് കൃത്യമായ സമയത്താണെന്നും എംപി ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു. എന്നാൽ ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞത് ബന്ധമില്ലാത്ത നിരവധി കാര്യങ്ങളായിരുന്നു. ഈ ഉരുണ്ട് കളികൾക്കൊന്നും യാദാർഥ്യത്തെ മറച്ച് വയ്ക്കാൻ സാധിക്കില്ലെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി കുറിച്ചു.

Also read; ‘അക്ഷരം ആരോഗ്യം’ ചരിത്രത്തിൽ ഇടം പിടിക്കുന്ന പദ്ധതി: മന്ത്രി വീണാ ജോർജ്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

നിർദിഷ്ട ചെങ്ങന്നൂർ-പമ്പ റെയിൽവേ പാത പ്രായോഗികമല്ല എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രാലയം എന്റെ ചോദ്യത്തിനുള്ള മറുപടിയായി സമ്മതിച്ചു. ഉന്നയിച്ച ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികൾക്കും വഴിതിരിച്ചുവിടലുകൾക്കും ഇടയിൽ മറച്ചുപിടിച്ച ഈ വെളിപ്പെടുത്തൽ, പദ്ധതിയുടെ ഭാവി സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടുന്നു.
റെയിൽവേയുടെ ഈ കുറ്റസമ്മതത്തിന്റെ സമയം ശ്രദ്ധേയമാണ്. പുതിയ ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ പദ്ധതിയെ കുറിച്ച് മെട്രോമാൻ ഇ. ശ്രീധരൻ പരസ്യമായി അവകാശവാദം ഉന്നയിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പദ്ധതി പൂർണ്ണമായും ഒഴിവാക്കി എന്ന ഔദ്യോഗിക മറുപടി പാർലമെന്റിൽ വന്നത്.
മന്ത്രാലയത്തിന്റെ മറുപടിയുടെ നീളം, ഈ ഒളിച്ചുകളി വ്യക്തമാക്കുന്നതാണ്. ചെങ്ങന്നൂർ-പമ്പ പാതയെക്കുറിച്ചുള്ള കൃത്യമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം അങ്കമാലി-ശബരി പാത, ബജറ്റ് വിഹിതം, പൂർത്തിയായ പദ്ധതികൾ, സർവ്വേകൾ, ഭൂമി ഏറ്റെടുക്കൽ സ്ഥിതിവിവരക്കണക്കുകൾ തുടങ്ങി ഒട്ടനവധി ചോദ്യവുമായി ബന്ധമില്ലാത്ത വിവരങ്ങളാണ് മറുപടിയിൽ നിരത്തിയത്. ഈ വഴിതിരിച്ചുവിടലുകൾക്കൊന്നും ചെങ്ങന്നൂർ-പമ്പ പാത ഉപേക്ഷിക്കപ്പെട്ടു എന്ന യാഥാർത്ഥ്യത്തെ മറയ്ക്കാനാവില്ല.
മാത്രമല്ല, അങ്കമാലി-ശബരി പദ്ധതിയുടെ താമസം കേരള സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനുള്ള മറ്റൊരു ശ്രമവും മറുപടിയിലുണ്ട്. പുതുക്കിയ പദ്ധതിച്ചെലവിന്റെ 50 ശതമാനം വഹിക്കാമെന്ന് കേരളം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനായി കിഫ്ബി (KIIFB) വഴി എടുക്കുന്ന കടം സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്നൊഴിവാക്കണം എന്ന ആവിശ്യം മാത്രമാണ് കേരളം മുന്നോട്ടുവെച്ചത്. ഈ കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മുൻപുതന്നെ, സ്വന്തം ഫണ്ട് ഉപയോഗിച്ച് കേരളം ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നത് പദ്ധതിയിലുള്ള സംസ്ഥാനത്തിന്റെ ആത്മാർത്ഥത വ്യക്തമാക്കുന്നതാണ്. ഈ വസ്തുത പാർലമെന്റിലെ മറുപടിയിൽ മനപ്പൂർവ്വം ഒഴിവാക്കി.
ബജറ്റ് വിഹിതത്തെക്കുറിച്ചും കേരളത്തിലെ ഇരട്ടിപ്പിക്കൽ ജോലികളെക്കുറിച്ചും നിരത്തുന്ന കണക്കുകൾ ഒന്നും ശബരിമലയിലേക്കുള്ള പ്രത്യേക റെയിൽ പാത എന്ന പദ്ധതി നിരാകരിച്ചതിനുള്ള മറുപടിയല്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴികളിൽ നിന്ന് കേരളം ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടെന്ന വിശദീകരണവും ഇതിലില്ല.
വിവരങ്ങൾ തെരഞ്ഞുപിടിച്ച് മാത്രം നൽകുന്ന റെയിൽവേ മന്ത്രാലയത്തിന്റെ രീതിയും ആശങ്കാജനകമാണ്. ആകെ തുകകൾ വ്യക്തമാക്കുമ്പോഴും കഴിഞ്ഞ പത്തുവർഷത്തെ പദ്ധതി തിരിച്ചുള്ള കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ മന്ത്രാലയം തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടു വർഷമായി പിങ്ക് ബുക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതോടെ, പദ്ധതി വിഹിതം, അവയുടെ വിനിയോഗം എന്നിവ സ്വതന്ത്രമായി വിലയിരുത്താൻ സാധിക്കുന്ന വിശ്വസനീയമായ രേഖകളൊന്നും ഇപ്പോൾ ലഭ്യമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News