യൂണിയൻ ബജറ്റ്: ‘കേരളത്തിന് തീർത്തും നിരാശ; കണ്ണിൽ പൊടിയിടാൻ പോലും ഒരു പ്രഖ്യാപനമുണ്ടായില്ല’: ഡോ. ജോൺ ബ്രിട്ടാസ് എംപി

Dr John Brittas + RAHUL GANDHI

യൂണിയൻ ബജറ്റ് 2026 കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. യാതൊരു പരിഗണനയും സംസ്ഥാനത്തിന് കേന്ദ്രം നൽകിയില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ‘കണ്ണിൽ പൊടിയിടാൻ’ പോലുമുള്ള പ്രഖ്യാപനങ്ങൾ കേരളത്തിനായി ബജറ്റിൽ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ധനമന്ത്രി നേരിട്ട് സമർപ്പിച്ച 29 സുപ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും മാക്രോ തലത്തിലോ മൈക്രോ തലത്തിലോ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും എം പി ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ ദീർഘകാല ആവശ്യമായ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ബജറ്റ് മൗനം പാലിച്ചു. പുതിയതായി പ്രഖ്യാപിച്ച മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിലും കേരളം ഉൾപ്പെട്ടിട്ടില്ല. ഏറ്റവും കൂടുതൽ ഉൾനാടൻ ജലപാതകളുള്ള കേരളത്തെ അവഗണിച്ച് അതുമായി ബന്ധപ്പെട്ട പദ്ധതി ഒറീസയിലേക്ക് കൊണ്ടുപോയി.

ALSO READ; കേരളമെന്താ ഇന്ത്യയിലല്ലേ?!! എയിംസ് ഇല്ല, അതിവേഗ റെയിലുമില്ല; വീണ്ടും കൈമലർത്തി കേന്ദ്രം

ആകെ കേരളത്തിന്‍റെ പേര് പരാമർശിച്ചത് റെയർ എർത്ത് കോറിഡോറിന്റെ കാര്യത്തിൽ മാത്രമാണ്. കേരളത്തിലെ മിനറൽ സമ്പന്നത കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തിന്‍റെ പേര് ഒ‍ഴിവാക്കാനാകാത്തത് കൊണ്ട് മാത്രമാണതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 41 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തണമെന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡ്യൂട്ടി, സർചാർജ് ഇനത്തിൽ പിരിച്ചെടുക്കുന്ന 7 ലക്ഷം കോടി രൂപ വിതരണം ചെയ്യുന്ന വിഭവങ്ങളിലേക്ക് ലയിപ്പിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. നേരത്തെ പ്രഖ്യാപിച്ച ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലൂടെ എത്ര തൊഴിൽ സൃഷ്ടിക്കപ്പെട്ടുവെന്നോ, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചോ ബജറ്റിൽ പരാമർശമില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News