‘മനമോഹൻ എൻ്റെ നിഴലും എനിക്ക് തണലുമായിരുന്നു’; ഓർമ്മകൾ പങ്ക് വച്ച് ഡോ തോമസ് ഐസക്

thomas issac post

കേരളത്തിൻ്റെ ഉയർച്ചയിൽ ഏറെ സുപ്രധാനമായ പദ്ധതികളുടെ പിന്നിൽ തൂണായി നിൽക്കുകയും ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ അമരക്കാരനായിരിക്കുകയും ഏറെക്കാലം ഡോ ടിഎം തോമസ് ഐസകിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കുകയും ചെയ്ത വി ജി മനമോഹനൻ്റെ വിയോ​ഗത്തിൽ അനുശോചിച്ച് ഡോ തമസ് ഐസക്. തൻ്റെ നിഴലായിരുന്ന, സന്തത സഹചാരിയായിരുന്ന മനമോഹനനെപ്പറ്റിയുള്ള ഓർമകളാണ് ഡോ തോമസ് ഐസക് ഫേസ് ബുക്കിൽ കുറിച്ചത്.

തൻ്റെ താങ്ങും നിഴലും തനിക്ക് തണലുമായിരുന്നു മനമോഹൻ എന്ന് ഡോ തോമസ് ഐസക് പറഞ്ഞു. പരിഷത്ത് തിരുവനന്തപുരം ജില്ലാ ജോ. സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സംസ്ഥാന സെക്രട്ടറി, ശാസ്ത്രഗതി മാനേജിംഗ് എഡിറ്റർ, പിഎൽഡിപി പ്രോജക്ട് കോ-ഡിനേറ്റർ തുടങ്ങിയ ചുമതലകളാണ് പരിഷത്തിൽ മുഖ്യമായി വഹിച്ചിട്ടുള്ളത്. വിഭവഭൂപട നിർമ്മാണത്തിലും ജനകീയാസൂത്രണത്തിലും തുടങ്ങി പിന്നീട് യാത്ര തന്നോടൊപ്പമായിരുന്നെന്നും അദ്ദേഹം കുറിക്കുന്നു. സംഘാടനത്തെ ഒരു കലയും ആസ്വാദ്യകരമായ വിദ്യാഭ്യാസ രീതിയുമാക്കി മനമോഹൻ മാറ്റുമെന്നും പറയേണ്ട കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും വളച്ച് കെട്ടലുകൾ ഇല്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്നയാളാണെന്നും അദ്ദേഹത്തിൻ്റെ വിയോ​ഗം നികത്താനാകാത്തതാണെന്നും ഫേസ്ബുക്കിൽ കുറിച്ചു.

Also read; ‘Love you to moon and back’! ഈ സർക്കാരും മുഖ്യമന്ത്രിയും മാതൃകയാകുന്നത് ഇങ്ങനെയെല്ലാമാണ്…

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം മനമോഹൻ എന്റെ നിഴലും എനിക്ക് തണലുമായിരുന്നു. എങ്കിലും എവിടെ തുടങ്ങണമെന്നതാണ് സംശയം. യുവജന സംഘടന, കിഴക്കുംകര ലൈബ്രറി, കിഴക്കുംകര ഗ്രാമശാസ്ത്ര സമിതി എന്നിവിടങ്ങളിൽ നിന്നായിരുന്നു തുടക്കം. പരിഷത്തിലേയ്ക്കു കൊണ്ടുവന്നത് വെട്ടൂർ പി.രാജനും എൻ. സദാശിവനുമാണ്. ചിട്ടപ്പെടുത്തിയെടുത്തത് എം.പി. പരമേശ്വരനും.
പിന്നെ പരിഷത്തായി മുഖ്യപ്രവർത്തന തട്ടകം. പരിഷത്ത് തിരുവനന്തപുരം ജില്ലാ ജോ. സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സംസ്ഥാന സെക്രട്ടറി, ശാസ്ത്രഗതി മാനേജിംഗ് എഡിറ്റർ, പിഎൽഡിപി പ്രോജക്ട് കോ-ഡിനേറ്റർ തുടങ്ങിയ ചുമതലകളാണ് പരിഷത്തിൽ മുഖ്യമായി വഹിച്ചിട്ടുള്ളത്. 1980-കളിൽ ഏറെക്കുറേ മുഴുവൻ സമയവും പരിഷത്തിലായിരുന്നു. തുടർന്ന് വിഭവഭൂപട നിർമ്മാണത്തിലും ജനകീയാസൂത്രണത്തിലും തുടങ്ങി യാത്ര എന്നോടൊപ്പമായി.

മനമോഹന്റെ സവിശേഷത എത്ര സങ്കീർണമായും പ്രവർത്തനവും ധൈര്യപൂർവ്വം ഏറ്റെടുക്കുമെന്നതാണ്. 1986-ൽ പരിഷത്ത് നടത്തിയ ഹാലി ധൂമ കേതുവിന്റെ വരവോടെയുള്ള സയൻസ് ഒളിമ്പ്യാഡ് നടക്കുമ്പോൾ അത് നക്ഷത്ര സഹവാസ ക്യാമ്പായി തിരുവനന്തപുരത്ത് രൂപാന്തരപ്പെടുത്തി. 1987-ലെ പരിഷത്തിന്റെ പ്രസിദ്ധമായ ജനകീയാരോഗ്യ സർവ്വേ ആസൂത്രണം ചെയ്തപ്പോൾ സംഘാടനം ആർക്ക് എന്ന ചോദ്യത്തിന് ഉത്തരം മനമോഹൻ എന്നായിരുന്നു. പരിഷത്ത് 1987-ലെ ഭോപ്പാലിലേക്കു നടത്തിയ സയൻസ് ട്രെയിനിന്റേയും സംഘാടനം മനമോഹന്റെ നേതൃത്വത്തിലായിരുന്നു. പരിഷതിന്റെ മുണ്ടേരി മാർച്ചും യൂണിയൻ കാർബൈഡിന് എതിരെയുള്ള ക്യാമ്പയിനിലും മുഖ്യ പങ്കാളിയായിരുന്നു. വിജ്ഞാന പരീക്ഷകളുടെ ചോദ്യ പേപ്പർ ഔദ്യോഗിക സംവിധാനത്തിലൂടെ പോകുമായിരുന്നു. പരിഷത്ത് കുട്ടികൾക്കായുള്ള യുറീക്കാ വിജ്ഞാന പരീക്ഷകൾ വിജ്ഞാനോത്സവങ്ങളായി ജനകീയ ഉത്സവങ്ങളായി നടത്താൻ തീരുമാനിക്കുമ്പോൾ ചോദ്യ പാക്കറ്റുകൾ നേരിട്ട് എല്ലായിടത്തും എത്തിക്കാനുള്ള ചുമതല ഏറ്റെടുത്തതും മനമോഹൻ ആയിരുന്നു. 1990-ൽ കേരള സാക്ഷരതയിൽ വർക്കിംഗ് അറെഞ്ച്മെന്റിൽ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും മനമോഹനാണ്. ഇങ്ങനെ എന്തെല്ലാം. സാക്ഷരതയുടെ തുടർച്ചയായി വിഭവഭൂപടം പ്രൊജക്ടിന്റെ ഏകോപന ചുമതലയും മനമോഹന് ആയിരുന്നു.

മനമോഹന്റെ ഔദ്യോഗിക മേഖല സഹകരണ വകുപ്പായിരുന്നു. പൊതു പ്രാസംഗികനും എഴുത്തുകാരനുമല്ല. പിന്നെ? സംഘാടനത്തെ ഒരു കലയും ആസ്വാദ്യകരമായ വിദ്യാഭ്യാസ രീതിയുമാക്കി മനമോഹൻ മാറ്റും. കാര്യങ്ങൾ നീക്കാൻ വേണ്ടി സോപ്പിടലും വാഗ്ദാനങ്ങൾ നൽകലും മനമോഹൻ ചെയ്യാറില്ല. പറയേണ്ട കാര്യങ്ങൾ, നടക്കാത്ത കാര്യങ്ങൾ, വിയോജിപ്പുകൾ, തുടങ്ങിയവ വളച്ചുകെട്ടും അലങ്കാരങ്ങളുമില്ലാതെ തുറന്ന് നേർരേഖയായി തന്നെ പറയും. ആദ്യം കേൾക്കുന്നയാൾക്ക് വിഷമവും തോന്നാം. എന്നാൽ മനമോഹനനെ അറിയാവുന്നവർക്കും ഒപ്പം പ്രവർത്തിക്കുന്നവർക്കും പരിചയമുള്ളവർക്കും അതു പ്രശ്നമാകാറില്ല. സംഘടനാ ചിട്ടയിലും തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലും അണുകിട വ്യതിചലിക്കാത്ത കാർക്കശ്യക്കാരനാണ്. പക്ഷെ വർത്തമാനം എപ്പോഴും സൗഹാർദ്ദപരമാണ്. ഒരാളും പിണങ്ങിപ്പോയ അനുഭവം ഇല്ല.
പ്രവർത്തനങ്ങളിൽ എപ്പോഴും പിന്നിൽ നിന്ന് നടത്തിപ്പുകാരനാവുകയാണ് രീതി. പ്രവർത്തന ഫലങ്ങളും ഒപ്പം നിന്ന് പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന സ്നേഹവും കരുതലും നൽകുന്ന അനുഭവങ്ങളിലൂടെയുമാണ് മനമോഹൻ ദൃശ്യമാകുന്നത്. പലരും മനമോഹനനെ നേരിൽ കണ്ടിട്ടില്ല. എന്നാൽ അവർക്കും നല്ല പരിചയമുള്ളതു പോലെയാണ് സംസാരിക്കാറ്.

ജനകീയാസൂത്രണ സെല്ലിന്റെ മൊത്തം ചുമതല മനമോഹനായിരുന്നു. അക്കാലം മീറ്റിംഗുകളുടെ പ്രളയമായിരുന്നു. അതുപോലെ തന്നെ ആയിരങ്ങൾ പങ്കെടുക്കുന്ന പരിശീലനങ്ങളും. ഇവയുടെയെല്ലാം ഏകോപനവും മേൽനോട്ടവും മനമോഹനായിരുന്നു. തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലുള്ള കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നടത്തിപ്പ്, മിനിട്സ്, തുടർ നടപടികൾ എന്നിങ്ങനെ പുതിയൊരു ചുമതല കൂടി മനമോഹന് ഏറ്റെടുക്കേണ്ടിവന്നു. എന്ത് പരിപാടിയും ചുമതലയും പറയുന്ന സമയത്തിനും മുമ്പ് തീർക്കുക മനമോഹന്റെ രീതിയാണ്. അന്നന്നത്തെ പണികൾ മുഴുവൻ തീർത്തിട്ടേ എത്ര വൈകിയായാലും ഓഫീസിൽ നിന്നും ഇറങ്ങൂ. അതിൽ സെല്ലായാലും മന്ത്രി ഓഫീസായാലും മാറ്റമില്ല.
ജനകീയാസൂത്രണകാലത്ത് പരിശീലനങ്ങളും അച്ചടിയുമായി വലിയൊരു തുകയാണ് അന്ന് വിനിയോഗിച്ചത്. ഇവയുടെ കണക്കും മറ്റും നോക്കാൻ മനമോഹനും ഒരു സഹായിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും വലിയൊരു സംവിധാനം വളരെ പരിമിതമായ ആൾശേഷി കൊണ്ടു നടന്നു എന്നത് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അതിശയമാണ്. ഓരോ ചെലവും കൃത്യമായി ഡോക്യുമെന്റ് ചെയ്ത് അതാത് സമയം സൂക്ഷിച്ചിരുന്നു. ഭരണം മാറിയപ്പോൾ ചില കുബുദ്ധികൾ അവ എടുത്തുമാറ്റി. പിന്നീട് ഈ രേഖകൾ അടഞ്ഞുകിടന്ന കാർഷെഡ്ഡിന്റെ മൂലയിൽ നിന്നും കണ്ടെടുത്തു. എജി ഓഡിറ്റിന് ഈ രേഖകൾ ചിട്ടപ്പെടുത്താൻ വീണ്ടും ആറുമാസക്കാലം മനമോഹനു പ്രവർത്തിക്കേണ്ടിവന്നു. ഓഡിറ്റിൽ ഒരു പിശകുപോലും കണ്ടെത്തിയില്ല.

മാരാരിക്കുളം മണ്ഡലത്തിലെ വികസന പരിപാടിയിലേക്കായിരുന്നു തുടർന്നുള്ള യാത്ര. വിവിധതരത്തിൽ നടത്തിയ വികസന പരീക്ഷണങ്ങളുടെ പങ്കാളിയായി ഒപ്പമുണ്ടായിരുന്നു. അവിടെ എന്നോടൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന മാരാരിക്കുളം ടീമിന്റെ മൊത്തം ചുമതല മനമോഹൻ ഏറ്റെടുത്തു. അന്നു മുതൽ എന്റെ നാലുടേമിലും മനമോഹന്റെ പങ്കാളിത്തം ഇല്ലാത്ത ഒരു പ്രധാനപ്പെട്ട വികസനപരീക്ഷണവും ഉണ്ടായിട്ടില്ല.
ഞാൻ രണ്ട് തവണ മന്ത്രി ആയിരുന്ന കാലത്തും പ്രൈവറ്റ് സെക്രട്ടറി മനമോഹൻ ആയിരുന്നു. എന്റെ പേഴ്സണൽ സ്റ്റാഫ് ടീമിന്റെ മുഴുവൻ ആദരവും അംഗീകാരവും നേടിയ വ്യക്തിത്വമായിരുന്നു. ഓഫീസിൽ വരുന്ന ഏതൊരാളോടും സൗഹാർദ്ദപരമായി സംസാരിക്കാനും കേൾക്കാനും സമയം കണ്ടെത്തിയിരുന്നു. സംതൃപ്തിയോടെയല്ലാതെ ആരും അവിടെനിന്നും മടങ്ങാറില്ല. ഫയൽ നോട്ടവും മറ്റും രാത്രിയിലാണ്. ഞാനും ഫയലുമായി ഇരിക്കുക രാവിലെയും. എന്റെ വീട്ടിലെ ഒരാളെപ്പോലെ താമസം എന്നോടൊപ്പമായിരുന്നു. ഇന്നും എന്റെ വീട്ടുകാർക്ക് എന്തെങ്കിലും വേണമെങ്കിൽ എന്നോടല്ല, മനമോഹനോടാണു പറയുക.
അച്ഛന്റെ അകാല വേർപാടിനെ തുടർന്ന് വളരെ ചെറുപ്പത്തിൽ വലിയൊരു കുടുംബത്തിന്റെ പൂർണ്ണ ചുമതല ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ 5 സഹോദരങ്ങളുടേയും പഠനവും വിവാഹവും വരെയുള്ള കാര്യങ്ങളും ഇതിനിടയിൽ കൃത്യമായി നിർവ്വഹിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തി. സഹോദരങ്ങൾക്ക് അച്ഛനിൽ നിന്നും കിട്ടേണ്ട കരുതൽ നൽകുന്നതിലും ശ്രദ്ധ പുലർത്തി. വിവാഹജീവിതം ഒരുവർഷത്തിൽ താഴെ മാത്രമാണ് ഉണ്ടായത്. പങ്കാളിയെ ക്യാൻസർ കവർന്നു. ഈ ഞെട്ടലിൽ നിന്നു മുക്തിനേടാൻ കുറച്ചുസമയമെടുത്തു.
ഇത്രയേറെ പണിയെടുത്തിരുന്നത് ഒരുകുന്ന് രോഗങ്ങളുടെ നടുവിലായിരുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ അതിവേഗത്തിലാണ് ആരോഗ്യം ക്ഷയിച്ചത്. എങ്കിലും എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിനുള്ള തയ്യാറെടുപ്പിനുള്ള സെല്ല് രണ്ട് വർഷം മുമ്പ് രൂപീകരിച്ചപ്പോൾ അതിന്റെ നേതൃത്വവും മനമോഹന് ആയിരുന്നു. ഓഫീസിൽ ഇരിക്കുക അസാധ്യമായിരുന്നു. എങ്കിലും ദിവസവും വരുമായിരുന്നു. കഴിഞ്ഞ ആറുമാസം ഈ വരവും മുടങ്ങി. എന്നാൽ പഠന കോൺഗ്രസിന്റെ തീയതി നിശ്ചയിച്ചതോടെ എല്ലാദിവസവും കാലത്ത് ഓഫീസിൽ വരുന്ന പതിവുണ്ടായിരുന്നു. ഇനി അതുണ്ടാവില്ല.
മനമോഹന്റെ ദേഹവിയോഗം വലിയൊരുവൃന്ദം സുഹൃത്തുക്കൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും വ്യക്തിപരമായി എനിക്കും ഒരു നികത്താനാകാത്ത നഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News