
കേരള സർവകലാശാലയിലെ സംസ്കൃതം ഗവേഷണ വിദ്യാർത്ഥി വിപിൻ വിജയനെതിരെ ജാതി വിവേചനം കാണിച്ച ഡീൻ ഡോ.സി.എൻ വിജയകുമാരിയുടെ നടപടി മനുഷ്യത്വരഹിതവും അപലപനീയവുമാണെന്ന് ഡി വൈ എഫ് ഐ. കേരള സർവകലാശാലയുടെ സംസ്കൃത ഡിപ്പാർട്ട്മെന്റിൽ നിന്ന് സംസ്കൃതത്തിൽ എംഫിൽ നേടിയ ശേഷമാണ് വിപിൻ വിജയൻ സംസ്കൃതത്തിൽ ഗവേഷണം നടത്തുന്നത്. എം.ഫിൽ പഠനകാലത്ത് വിപിൻ വിജയൻ്റെ ഗൈഡ് ആയിരുന്നു ഡോക്ടർ സി എൻ വിജയകുമാരി. പി എച്ച് ഡി പഠനത്തിന്റെ ഭാഗമായി ഗവേഷണ പ്രബന്ധം മൂല്യനിർണ്ണയം നടത്തുകയും അവതരിപ്പിക്കുകയും ഓപ്പൺ ഡിബേറ്റിന് ശേഷം വിപിൻ വിജയന് പി എച്ച് ഡിക്ക് ശുപാർശ ചെയ്യപ്പെടുകയും ചെയ്തതാണ്.
എന്നാൽ വിപിനെതിരെ ജാതീയമായും രാഷ്ട്രീയമായും വിവേചനം കാണിച്ച് സംഘപരിവാർ അനുകൂലിയായ ഡീൻ ഡോ.വിജയകുമാരി വിപിൻ വിജയന് സംസ്കൃത ഭാഷ അറിയില്ല എന്ന തെറ്റായ റിപ്പോർട്ട് വൈസ് ചാൻസലർക്ക് നൽകുകയും വിപിൻ വിജയന് നിലവിൽ പി എച്ച് ഡി നിഷേധിച്ചിരിക്കുകയാണ്. ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും സംസ്കൃതത്തിൽ ബി.എ., എം.എ. ബിരുദങ്ങൾ, കേരളസർവ്വകലാശാലയിൽ നിന്നു B.Ed, M.Ed ബിരുദങ്ങൾ, കാര്യവട്ടം ക്യാമ്പസിൽ നിന്ന് സംസ്കൃതത്തിൽ എം. ഫിൽ തുടങ്ങിയ യോഗ്യതകൾ ഉള്ള ഒരു വിദ്യാർത്ഥിയെ തെറ്റായ രീതിയിൽ ജാതി വിവേചനവും രാഷ്ട്രീയ വിരോധവും കാരണം സംസ്കൃതം അറിയില്ല എന്ന് പ്രചരിപ്പിക്കുകയാണ് ഡീൻ ചെയ്തത്.
“നീയൊക്കെ കയറിയ ഈ ഡിപ്പാർട്ട്മെൻ്റ് അശുദ്ധമായി ഇനി ശുദ്ധീകരണം നടത്തണം” എന്ന് വിജയകുമാരി ജാതി അധിക്ഷേപം നടത്തി എന്ന് വിപിൻ വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. പറയനും പുലയനുമൊക്കെ എത്ര ശീർഷാസനം ചെയ്താലും ബ്രാഹ്മണർക്ക് വഴങ്ങും പോലെ സംസ്കൃതം അവർക്ക് വഴങ്ങില്ല എന്ന് മുൻപൊരിക്കൽ ഇതേ ടീച്ചർ പറഞ്ഞിട്ടുണ്ടെന്ന് വിപിൻ വിജയൻ കുറിക്കുന്നു.
ഇത്രയും ഗുരുതരമായ ജാതി അധിക്ഷേപവും തെറ്റായ രീതിയിൽ ഒരു വിദ്യാർത്ഥിയുടെ ഭാവി നശിപ്പിക്കാൻ വേണ്ടി ഇടപെടുകയും ചെയ്ത ഡീൻ ഡോ.വിജയകുമാരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

