
ലാറ്റിന്‍ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയില്‍ അതിക്രമിച്ചു കയറി അമേരിക്ക നടത്തിയ വ്യോമാക്രമണവും വെനുസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയ നടപടിയും അപലപനീയമെന്ന് ഡിവൈഎഫ്ഐ. അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോകജനത പ്രതിഷേധം ഉയർത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന നിക്കോളാസ് മഡൂറോയെയും വെനസ്വേലയെയും ഇല്ലാതാക്കാനുള്ള നടപടികൾ ഏറെക്കാലമായി ഡൊണാൾഡ് ട്രംപ് നടത്തിക്കൊണ്ടിരിക്കുകയാണ്.
വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള ശ്രമം അമേരിക്ക തുടങ്ങിയതിന് പിന്നാലെയാണ് തലസ്ഥാന നഗരമായ കാരക്കാസിലും മിറാന്‍ഡ, അരഗ്വ, ലാ ഗ്വെയ്റ എന്നിവിടങ്ങളിൽ സ്‌ഫോടനം ഉണ്ടായത്.
വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്ക ബന്ദിയാക്കുകയും ചെയ്തിട്ടുണ്ട്. വലിയ എണ്ണ ഉദ്പാദക രാഷ്ട്രമായ വെനസ്വേലയിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം സ്വന്തമാക്കാൻ വർഷങ്ങളായി അമേരിക്ക ശ്രമിക്കുകയാണ്. സാമ്രാജ്യത്വത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന നിക്കോളാസ് മഡൂറോ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷം മുന്നേറ്റത്തിൻ്റെ പ്രതീകം കൂടിയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അധിനിവേശം നടത്തിയ അമേരിക്ക അതിന്റെ തുടർച്ചയായാണ് വെനസ്വേലക്കെതിരെ തിരിഞ്ഞത്.
അതിനായി മയക്കുമരുന്ന് കടത്ത് എന്ന തെളിവില്ലാത്ത സംഭവം പറഞ്ഞു പ്രചരിപ്പിച്ചാണ് ഈ ആക്രമണം നടത്തിയത്. വെനസ്വേലയുടെ എണ്ണ സമ്പത്ത് കൊള്ളയടിക്കാനും തങ്ങളുടെ വിമർശകരായ ഈ രാജ്യത്തെ ഇല്ലായ്മ ചെയ്യാനും അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോക ജനത ഉണരണമെന്നും പൊരുതുന്ന വെനസ്വേല ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

