
ആഘോഷങ്ങൾക്കിടയിലും വിശക്കുന്നവന്റെ വയറുനിറയ്ക്കാൻ ഡിവൈഎഫ്ഐ നടത്തുന്ന ‘ഹൃദയപൂർവ്വം’ പൊതിച്ചോറ് വിതരണം ഈ ക്രിസ്മസ് ദിനത്തിലും തടസ്സമില്ലാതെ തുടർന്നു. കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറിനൊപ്പം ക്രിസ്മസ് കേക്കും വിതരണം ചെയ്താണ് ഇത്തവണത്തെ ആഘോഷം സവിശേഷമാക്കിയത്
പദ്ധതിയുടെ ക്രിസ്മസ് ദിനത്തിലെ വിതരണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും കേക്ക് മുറിച്ചു നൽകിക്കൊണ്ടാണ് അദ്ദേഹം ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്,. സാന്താക്ലോസ് വേഷധാരികളും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ആശുപത്രി പരിസരത്ത് ക്രിസ്മസ് സന്തോഷം പകർന്നു.
ഏകദേശം മൂവായിരത്തോളം ആളുകൾക്കാണ് ക്രിസ്മസ് ദിനത്തിൽ പൊതിച്ചോറും കേക്കും വിതരണം ചെയ്തതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സുരേഷ് അറിയിച്ചു. 2019 ഓഗസ്റ്റ് ഒന്നിനാണ് കോട്ടയം ജില്ലയിൽ ഈ പദ്ധതി ആരംഭിച്ചത്. കോവിഡ് കാലത്തെ ചെറിയൊരു ഇടവേളയൊഴിച്ചാൽ, പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് ഒരു ദിവസം പോലും മുടങ്ങാതെ ഈ പൊതിച്ചോറ് വിതരണം തുടരുന്നുണ്ട്.
നാട് ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുകുമ്പോൾ, സ്വന്തം വീടുകളിലെ ആഘോഷങ്ങൾ മാറ്റിവെച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രികളിൽ സേവനത്തിനെത്തിയത്,. ഓണത്തിന് പായസവും നവംബർ ഒന്നിന് പ്രത്യേക വിതരണവും നടത്തുന്നത് പോലെ തന്നെ ക്രിസ്മസ് ദിനവും രോഗികൾക്കൊപ്പം ആഘോഷിക്കാൻ സംഘടന തീരുമാനിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

