
ട്രെയിൻ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയ്ക്കെതിരെ ഡിവൈഎഫ്ഐ. തോന്നുന്ന പടി റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേ നടപടി അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. അശാസ്ത്രീയവും ജനങ്ങളെ കൊള്ളയടിക്കുന്നതുമായ വരുമാന രീതികളിൽ നിന്ന് ഇന്ത്യൻ റെയിൽവേ പിന്തിരിയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡിസംബർ 24ന് ജില്ലാ കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിക്കും.
2025-26 സാമ്പത്തിക വർഷം തന്നെ രണ്ട് തവണയാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ ജൂലൈ മാസത്തിൽ കിലോമീറ്റർ ഒന്നിന് ജനറൽ ടിക്കറ്റിൽ ഒരുപൈസയും മെയിൽ-എക്സ്പ്രസുകളിലെ നോൺ എ.സി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എ.സി കോച്ചുകളിലും രണ്ടു പൈസയും വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ ആക്കിയിരിക്കുന്ന വർദ്ധനപ്രകാരം ഓർഡിനറി ക്ലാസിന് കിലോമീറ്റർ ഒന്നിന് ഒരു പൈസയും മെയിൽ-എക്സ്പ്രസ് ട്രെയിനുകളിലെ നോൺ എ.സി കോച്ചുകളിലും എല്ലാ ട്രെയിനുകളിലെയും എ.സി കോച്ചുകളിലും രണ്ടു പൈസയുമാണ് കൂടുക. കേൾക്കുമ്പോൾ ചെറിയ വർദ്ധന എന്ന് തോന്നുമെങ്കിലും ഒരു സാമ്പത്തിക വർഷം തന്നെ രണ്ടുവട്ടം വർദ്ധന എന്നത് അസാധാരണമാണ്.
ALSO READ: വാളയാറിലെ സംഘപരിവാര്‍ ആള്‍ക്കൂട്ടക്കൊല: രണ്ടുപേർ കൂടി കസ്റ്റഡിയില്‍
പെട്രോൾ വില വർധന മോഡലിൽ അടിക്കടി വില വർധിപ്പിച്ച് ഇതൊരു സ്വാഭാവികമായ രീതിയാണ് എന്ന് ജനങ്ങൾക്ക് തോന്നലുണ്ടാക്കിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ട്രെയിൻ യാത്രാക്കൂലിയുടെ കാര്യത്തിലും കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. മുമ്പ് റെയിൽ ബഡ്ജറ്റ് ഉണ്ടായിരുന്ന കാലത്ത് യാത്രാകൂലി വർദ്ധിപ്പിക്കണമെങ്കിൽ ബഡ്ജറ്റിലൂടെയാണ് സാധ്യമാകുക എന്നതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കുറെക്കൂടി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. കൂലി വർദ്ധിപ്പിക്കുക എന്നത് ഒരു ദൈനംദിന രീതിയാക്കുന്ന പെട്രോൾ – ഡീസൽ മോഡൽ ട്രെയിൻ യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അങ്ങേയറ്റം ജനദ്രോഹമാണ്.
കയ്യും കണക്കുമില്ലാതെ ചാർജ് വർധിപ്പിക്കുന്ന പ്രീമിയം തത്കാൽ, അവധിക്കാല ഒഴിവുദിന തിരക്ക് ഒഴിവാക്കാനുള്ള പ്രത്യേക ട്രെയിനുകളിലെ സ്പെഷ്യൽ ഫെയർ, വെയ്റ്റിംഗ് ലിസ്റ്റ് പാസഞ്ചർമാറിൽ നിന്ന് ഈടാക്കുന്ന ഉയർന്ന റദ്ദാക്കൽ കൂലി തുടങ്ങി ഒട്ടേറെ വഴികളിൽ വലിയ കൊള്ളയാണ് റെയിൽവേ നിലവിൽ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. എറണാകുളം മുതൽ ബാംഗ്ലൂർ വരെയുള്ള സാധാരണ ട്രെയിനുകളിൽപോലും പ്രീമിയം തത്കാൽ നിരക്ക് ആറായിരത്തിന് മുകളിലാണ്.
ബാംഗ്ലൂരിൽ നിന്ന് കൽക്കത്തയിലേക്ക് പ്രീമിയം തത്കാലിനത്തിൽ 10000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക് എന്നത് ഈ അടുത്തകാലത്ത് വാർത്തയായിരുന്നു. വിമാനങ്ങൾക്ക് തിരക്കിനനുസരിച്ച് റേറ്റ് കൂടുന്ന ഡൈനാമിക് പ്രൈസിംഗ് മോഡലാണ് ട്രെയിനുകളിലും റെയിൽവേ ഈടാക്കുന്നത്. ക്രിസ്മസ് അവധിക്കാലത്തെ തിരക്കൊഴിവാക്കാൻ ഇപ്പോൾ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകളിൽ മുഴുവൻ സീറ്റുകളിലും തത്കാൽ നിരക്കാണ് വാങ്ങിക്കുന്നത്.
ഇതിനെല്ലാം പുറമേയാണ് ഒരു വർഷം 1200 കോടി രൂപ ശരാശരി വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരിൽ നിന്ന് ടിക്കറ്റ് ഉറപ്പാവാത്തതിന്റെ പേരിൽ മാത്രം വാങ്ങിക്കുന്നത്. ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണ മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട യാത്രാ ഉപാധിയായി ഇന്ത്യൻ റെയിൽവേയെ നിലനിർത്തേണ്ടതുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

