
ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളിദ്രോഹ നടപടികള്‍ക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. മാധ്യമം ദിനപത്രത്തിലെ തൊഴിലാളികളെ അഞ്ച് മാസമായി ശമ്പളം കൊടുക്കാതെ പീഡിപ്പിക്കുകയാണ് മാനേജ്മെന്റ് എന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ പങ്കെടുത്ത് സംസാരിച്ച അദ്ദേഹം സമരക്കാർക്ക് ഡിവൈഎഫ്ഐയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മാനേജ്മെന്റിന്റെ ശമ്പള നിഷേധത്തിനും തൊഴിലാളിദ്രോഹ നടപടികള്‍ക്കുമെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഉപവാസ സമരം നടത്തിയത്. കെ പി റെജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് വെളളിമാടുകുന്നിലെ മാധ്യമം ഓഫീസിന് മുന്നിലാണ് ഉപവാസ സമരം നടന്നത്. മാസങ്ങളായി മുടങ്ങികിടക്കുന്ന ശമ്പളം വിതരണം ചെയ്യാന്‍ തൊഴില്‍ വകുപ്പിന്റെ മധ്യസ്ഥതയില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് ജീവനക്കാര്‍ ഉപവാസ സമരത്തിലേക്ക് എത്തിയത്.
ALSO READ: മതരാഷ്ട്രവാദം ഒളിപ്പിച്ചുവെച്ച് ജമാഅത്തെ ഇസ്ലാമി പൊതുസമൂഹത്തെ വഞ്ചിക്കുന്നു; രൂക്ഷവിമർശനവുമായി സമസ്ത
സമരത്തിൽ പങ്കെടുത്തത് സംബന്ധിച്ച് വി വസീഫ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘എടുക്കുന്ന ജോലിക്ക് വിയർപ്പാറും മുമ്പെ പ്രതിഫലം കൊടുക്കണമെന്ന് പഠിപ്പിച്ച മതത്തിന്റെ പേരുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഇവരുടെ മുഖപത്രമായ മാധ്യമം സിപിഎമ്മിനെ പോലും വിപ്ലവം പഠിപ്പിക്കാൻ മുമ്പിൽ ആണ്. മാധ്യമത്തിലെ തൊഴിലാളികൾക്ക് അഞ്ച് മാസമായി ശമ്പളം കൊടുക്കാതെ പീഡിപ്പിക്കുകയാണ് മാനേജ്മെന്റ്.
വിശുദ്ധ റംസാൻ മുമ്പിൽ എത്തിയിട്ടുപോലും ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ ആയിട്ടില്ല.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സമരത്തിലാണ് ജീവനക്കാർ. 24 മണിക്കൂർ നീണ്ടുനിന്ന ഉപവാസ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയും ഡിവൈഎഫ്ഐയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു’, വി വസീഫ് കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


