
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബിജെപി പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയും നെടുമങ്ങാട് ബിജെപി നേതാവ് ശാലിനിയുടെ ആത്മഹത്യ ശ്രമവും അത്യന്തം ഗുരുതര സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും സ്വൈരജീവിതം തകർക്കുന്ന ബിജെപി- ആർ എസ് എസ് ക്രിമിനൽ രാഷ്ട്രീയത്തെ നാട് തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.
തിരുവനന്തപുരത്തെ ബിജെപി നേതാക്കളുടെ പേരെടുത്ത് പറഞ്ഞു കൊണ്ടും നിയമവിരുദ്ധമായ അവരുടെ പ്രവർത്തനങ്ങളെപ്പറ്റി പരാമർശിച്ചുമാണ് ആനന്ദിൻ്റെ ആത്മഹത്യകുറിപ്പ്. കടുത്ത മാനസിക സംഘർഷവും സമ്മർദ്ദവും അനുഭവിക്കേണ്ടി വന്നതായും അതിലുണ്ട്. നിരന്തരമുള്ള ഭീഷണി അദ്ദേഹത്തിന് നേരിടേണ്ടി വന്നു. തൻ്റെ മൃതദേഹം ആർഎസ് എസ്- ബിജെപി പ്രവർത്തകരെ കാണാൻ പോലും അനുവദിക്കരുതെന്ന് എഴുതിയിരിക്കുന്നു. കുറച്ചു നാൾക്കു മുമ്പ് പ്രമുഖ ബി ജെ പി നേതാവ് തിരുമല അനിൽ ആത്മഹത്യ ചെയ്തതിന് പിന്നിലും ബിജെപി നേതൃത്വം നടത്തിയ സാമ്പത്തിക തട്ടിപ്പും ബിജെപി ഭരിച്ച സഹകരണ സംഘത്തിൽ നടന്ന നിയമവിരുദ്ധ പ്രവൃത്തികളുമായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മഹത്യകുറിപ്പും പുറത്തുവന്നു. മഹിളാമോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയും ബിജെപി യുടെ നെടുമങ്ങാട്ടെ പ്രധാന നേതാവുമായ ശാലിനി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലാണ്. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അതുമായി ബന്ധപ്പെട്ട വിഷയങ്ങളും പുറത്തുവരുന്നുണ്ട്.
മണ്ണ് മാഫിയ,സാമ്പത്തിക കുറ്റവാളികൾ, ക്രിമിനൽ സംഘങ്ങൾ,അഴിമതിക്കാർ എന്നിവരുടെ കേന്ദ്രമായി തിരുവനന്തപുരത്തെ ബിജെപി മാറിയതിൻ്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ബി ജെ പി നേതൃത്വം അധികാരത്തിൻ്റെ മറവിൽ വൻതോതിൽ സാമ്പത്തിക തട്ടിപ്പും അഴിമതിയും മാനസിക പീഡനവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുകയാണ് എന്നും ഇതിൽ സഹികെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു വെന്നും ഇത്തരം ക്രിമിനൽരാഷ്ട്രീയത്തെ തിരിച്ചറിയേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
ഇതിൽ പ്രതിഷേധിച്ച്’പെരുകുന്ന ആത്മഹത്യ തകരുന്ന സമാധാനം, BJP – RSS ക്രൂരതയ്ക്കെതിരെ നാടുണരുക’ എന്ന മുദ്രവാക്യമുയർത്തി
നവംബർ 17 ന് വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരം ജില്ലയിലെ എല്ലാ മേഖല കേന്ദ്രങ്ങളിലും പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്നും DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

