‘ആത്മകഥ ജീവിതാനുഭവങ്ങളുടെ ചിത്രീകരണം’; വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞത് പാർട്ടിയുടെ പിന്തുണയും കരുത്തും കൊണ്ടെന്ന് ഇ.പി. ജയരാജൻ

E P Jayarajan on LDF continuity Kerala

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. കേരള രാഷ്ട്രീയത്തിന്റേതടക്കം അഞ്ചു പതിറ്റാണ്ടിലേറെയുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതാണ് ഈ ആത്മകഥ എന്ന് കൈരളി ന്യൂസിനോട് സംസാരിക്കവെ ഇ.പി. ജയരാജൻ വ്യക്തമാക്കി.

വിദ്യാർത്ഥിയായിരുന്ന കാലഘട്ടം മുതൽ വളർന്നുവന്ന ചുറ്റുപാട്, പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയുള്ള പ്രവർത്തനങ്ങൾ, യുവജനരംഗം, പാർട്ടി, കർഷക പ്രസ്ഥാനം, ഭരണരംഗം എന്നിവയിലെല്ലാം കടന്നുപോയ ഒട്ടനവധി സംഭവങ്ങളുടെ ചിത്രീകരണമാണ് ഈ പുസ്തകം.

ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ ജീവിത കാലഘട്ടത്തിലെ അനുഭവങ്ങളാണ് വായനക്കാരെ അറിയിക്കാൻ ആഗ്രഹിക്കുന്നത്. ഇത് തന്റെ ജീവിതത്തിന്റെ മുഴുവൻ അനുഭവങ്ങളല്ലെന്നും, ഒരു ചെറിയ ഭാഗം മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറി എഴുതുന്ന ശീലമില്ലാത്തതിനാൽ ഓർമ്മവെച്ച് മാത്രമാണ് താൻ പുസ്തകം തയ്യാറാക്കിയത്. വിട്ടുപോയ കാര്യങ്ങൾ ഉൾപ്പെടുത്തി ഇതിന്റെ തുടർച്ച പ്രസിദ്ധീകരിക്കാൻ ശ്രമിക്കുമെന്നും ഇ.പി. ജയരാജൻ അറിയിച്ചു.

ഒട്ടനവധി വേട്ടയാടലുകൾക്ക് താൻ വിധേയനായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജീവൻ പോലും അപകടപ്പെടുത്താനുള്ള ശ്രമങ്ങൾ ഒരു തവണയല്ല, മൂന്ന് തവണയിൽ കൂടുതൽ ഉണ്ടായിട്ടുണ്ട്; ട്രെയിനിൽ വെച്ച് തന്നെ വെടിവെച്ചു കൊല്ലാനുള്ള ശ്രമം അതിൽ ഉൾപ്പെടുന്നു.

തന്നെയും അതുവഴി പാർട്ടിയെയും ദുർബലപ്പെടുത്താൻ വലതുപക്ഷ ശക്തികളും പിന്തിരിപ്പൻ ശക്തികളും സിപിഎം വിരോധികളും സംഘടിതമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ചു.

ALSO READ: വർക്കലയിൽ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ടത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ; പ്രകോപനത്തിന് കാരണം വഴി മാറിക്കൊടുക്കാത്തതെന്നും എഫ് ഐ ആർ

വ്യക്തിഹത്യ നടത്താൻ വേണ്ടി മാധ്യമങ്ങളിലൂടെ എന്തെല്ലാം ആരോപണങ്ങളാണ് താൻ കേട്ടതെന്നും ഇ.പി. ജയരാജൻ ചോദിച്ചു. ഒരു ഘട്ടത്തിൽ താൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ, തനിക്ക് ശോഭാ സിറ്റിയിൽ വീടുണ്ടെന്ന് കേരളത്തിലെ പ്രമുഖമായ ഒരു മലയാള പത്രം ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചു.

താൻ പറയാത്തതും എഴുതാത്തതുമായ കാര്യങ്ങൾ ഉൾപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ശത്രുക്കൾ ഒരു തിരഞ്ഞെടുപ്പിന് ഉപയോഗപ്പെടുത്തിക്കൊണ്ട് തനിക്കെതിരായി ആക്രമണം നടത്തി. ഇത് പാർട്ടിക്കെതിരാണ്, തിരഞ്ഞെടുപ്പിനെതിരാണ്, പാലക്കാട് സ്ഥാനാർത്ഥിക്കെതിരാണ് എന്നെല്ലാം പ്രചരിപ്പിച്ചു. തനിക്കൊരു പരിചയവുമില്ലാത്ത ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തി എന്ന് ഒന്നര വർഷത്തിനുശേഷം വാർത്ത കൊടുത്തത് ഹീനമായ നടപടിയായിരുന്നു.

താൻ മാത്രമല്ല, തന്റെ കുടുംബം പോലും ഇത്തരം വ്യക്തിഹത്യാ ശ്രമങ്ങൾക്ക് ഇരയായി. തന്റെ ഭാര്യയുടെ തല വെട്ടിമാറ്റി സ്വപ്ന സുരേഷിന്റെ തല വെച്ച് കൂടിക്കാഴ്ച നടത്തി എന്ന് പറഞ്ഞുകൊണ്ട് ചില മാധ്യമങ്ങൾ വാർത്ത നൽകി. അതുപോലെ, ബംഗാളിലെ ബിജെപിയുടെ വനിതാ മന്ത്രി ഇരുന്ന് സംസാരിക്കുന്ന ചിത്രം എടുത്തിട്ട്, ആ മന്ത്രിയുടെ തല വെട്ടി തന്റെ ഭാര്യയുടെ തല വെച്ച് കൂടിക്കാഴ്ച നടത്തി എന്ന് വാർത്ത നൽകി. ഇതെല്ലാം മാനിപ്പുലേറ്റ് ചെയ്തതായിരുന്നുവെന്നും, ഇതിനെതിരെ ഭാര്യ സൈബർ സെല്ലിൽ പരാതി നൽകുകയും അത് കണ്ടെത്തുകയും ചെയ്തിരുന്നുവെന്നും ഇ.പി. ജയരാജൻ വെളിപ്പെടുത്തി. ഒരു പത്രവുമായി നിയമപോരാട്ടം നടത്തിയതിനെ തുടർന്ന് അവസാനം കോടതി നഷ്ടപരിഹാരം വിധിക്കുന്ന ഒരു സ്ഥിതി വരെ എത്തി.

ഈ വെല്ലുവിളികളെ നെഞ്ചൂക്കോടുകൂടി കരുത്തോടെ നേരിടാൻ കഴിഞ്ഞത് പാർട്ടിയുടെ പിന്തുണയും കരുത്തും ശക്തിയുമാണ്. തന്നെ സ്നേഹിക്കുന്ന പാർട്ടി സഖാക്കളുടെയും ബഹുജനങ്ങളുടെയും സഹായമാണ് മുന്നോട്ട് പോകാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേതാക്കന്മാരായ അഴീക്കോടനും സഖാവ് പിണറായി വിജയനും നേരെ നടന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ നിസ്സാരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News