സാമ്പത്തിക സർവേയിൽ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിക്ക് അഭിനന്ദനം ലഭിച്ചിട്ടും മാധ്യമങ്ങൾ ചർച്ച ചെയ്തില്ല; വസ്തുതകൾ കാണണമെന്ന് മന്ത്രി എം.ബി രാജേഷ്

M B RAJESH on cbg plant

കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിക്ക് അഭിനന്ദനം ലഭിച്ചത് വലിയ കാര്യമാണ് എന്ന് മന്ത്രി എം.ബി രാജേഷ്. പദ്ധതിയെ തുടക്കം മുതൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ പ്രശംസയെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസും ബിജെപിയും ഈ പദ്ധതിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും, വസ്തുതകൾ വസ്തുതകളായി തന്നെ കാണണമെന്നും നല്ല കാര്യങ്ങളെ തള്ളിപ്പറയരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിന്റെ ഈ നേട്ടത്തെക്കുറിച്ച് മാധ്യമങ്ങൾ വേണ്ടത്ര ചർച്ച ചെയ്തില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. സർക്കാർ ഇതുവരെ വസ്തുതകൾ മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും, അതിദാരിദ്ര്യ മുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പദ്ധതിക്കെതിരെ തുടക്കം മുതലേ നിന്നത് കോൺഗ്രസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ശബരിമല സ്വർണ മോഷണക്കേസ്; നടൻ ജയറാമിന്റെ മൊഴിയെടുത്തു

അതേസമയം, വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പ്രതീക്ഷകളൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ തലത്തിൽ സംസ്ഥാനത്തിന്റെ ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും കേരളത്തിന്റെ വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു

കേരള എക്‌സൈസ് വകുപ്പിനെ നവീകരിക്കാനും ശാക്തീകരിക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി 134 പുതിയ തസ്തികകൾ കൂടി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ സർക്കാരിന്റെയും തൊട്ടുമുമ്പത്തെ എൽ.ഡി.എഫ് സർക്കാരിന്റെയും കാലത്തായി എക്‌സൈസ് സേനയെ ശക്തിപ്പെടുത്താൻ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.

നിയമനങ്ങളിലെ റെക്കോർഡ് നേട്ടം 2016-ന് ശേഷം ഇതുവരെ പി.എസ്.സി വഴി 2949 നിയമനങ്ങളാണ് എക്‌സൈസ് വകുപ്പിൽ നടന്നത്. ആകെ 5600 പേരുള്ള സേനയിൽ കഴിഞ്ഞ 10 വർഷത്തിനിടെ ഇത്രയധികം നിയമനങ്ങൾ നടന്നത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 57 തസ്തികകളും പിന്നീട് 246 വനിതാ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികകളും പുതുതായി സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 134 തസ്തികകൾ കൂടി അനുവദിച്ചിരിക്കുന്നത്.

കുറ്റാന്വേഷണ മികവിലും എൻഫോഴ്‌സ്‌മെന്റിലും കേരളത്തിലെ എക്‌സൈസ് സേന രാജ്യത്തെ ഏറ്റവും മികച്ച നിലവാരത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ശിക്ഷാനിരക്ക് കേരളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്ന് കേസുകളിലും അബ്കാരി കേസുകളിലും 96.37 ശതമാനമാണ് ഇപ്പോഴത്തെ ശിക്ഷാനിരക്ക്. അതായത്, എക്‌സൈസ് അറസ്റ്റ് ചെയ്യുന്ന 100 പേരിൽ 96 പേരും ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഗൗരവമേറിയ മയക്കുമരുന്ന് കേസുകൾ അന്വേഷിക്കുന്നതിനായി ഈ സർക്കാരിന്റെ കാലത്താണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ച 16 പ്രമാദമായ കേസുകളിൽ 14 എണ്ണത്തിലും പ്രതികൾക്ക് കടുത്ത ശിക്ഷ വാങ്ങിനൽകാൻ സാധിച്ചു. ഇതിൽ പ്രതികൾക്ക് 34 വർഷം വരെ തടവുശിക്ഷ ലഭിച്ച കേസുകളുമുണ്ടെന്നത് ശ്രദ്ധേയമാണ്.

സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങൾ അനുവദിക്കുകയും സൈബർ വിംഗിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആധുനികവൽക്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള മന്ത്രിസഭയുടെ ഏറ്റവും പുതിയ തീരുമാനമെന്നും മന്ത്രി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News