
കേരളവുമായി ബന്ധപ്പെട്ട കേസുകളിൽ അമിത താൽപര്യം കാണിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബിജെപി നേതാക്കൾ പ്രതികളായ കൊടകര കുഴൽപ്പണക്കേസിൽ മൗനം. കേസിൽ വ്യാജ മൊഴിയുണ്ടാക്കിയും കോടതികൾ മാറ്റിയും ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനാണ് ഇഡിയുടെ ശ്രമം. അതേസമയം രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കിഫ്‌ബി അടക്കമുള്ള കേസുകളിൽ കോടതികളിൽ നിന്ന് ഇഡി വലിയ തിരിച്ചടി നേരിടുന്നതും പതിവാണ്.
എത്ര ചെറിയ കേസ് ആണെങ്കിലും കേരളത്തിലാണെന്ന് കേട്ടാൽ ചാടിയിറങ്ങുന്നതാണ് ഈഡിയുടെ പതിവ്. എന്നാൽ ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പ്രതികളായ കൊടകര കുഴൽപ്പണ കേസിൽ ഇഡി ക്ക് താൽപര്യമേ ഇല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾക്ക് നൽകാൻ കർണാടകത്തിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോയ മൂന്നരക്കോടി രൂപ 2021 ഏപ്രിൽ മൂന്നിന് പുലർച്ചെ തൃശൂരിലെ കൊടകരയിൽ വച്ച് കവർച്ച നടന്നു എന്നതാണ് കേസ്.
ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സംഘടന സെക്രട്ടറി എം ഗണേഷ് സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പിനായി 41.4 കോടി ഹവാരപ്പണം ഏജന്റ് ധർമ്മരാജൻ വഴി എത്തിച്ചതായാണ് പോലീസിന്റെ റിപ്പോർട്ട്. ഇതിൽ മൂന്നരക്കോടി രൂപയാണ് കവർന്നത്. കവർച്ച കേസിൽ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചു.
എന്നാൽ കള്ളപ്പണക്കേസ് അന്വേഷിക്കാൻ പോലീസിനെ അധികാരമില്ലാത്തതിനാലാണ് വിശദ റിപ്പോർട്ട് സമർപ്പിച്ചത്. ഇടപാടുകളുടെ ചാർട്ടും നേതാക്കളുടെ കോളിസ്റ്റും കൈമാറിയെങ്കിലും ഇ ഡി തൊട്ടില്ല. കള്ളപ്പണ കേസിനു പകരം കവർച്ചാ കേസ് അന്വേഷിച്ച് ബിജെപി നേതാക്കളെ രക്ഷപ്പെടുത്താൻ ആയിരുന്നു ശ്രമം. കേസ് പൂർണ്ണമായും അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കവർച്ച കേസും കൊച്ചിയിലെ കോടതിയിലേക്ക് മാറ്റാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ 6 ചാക്ക് കെട്ടിലായി 9 കോടി രൂപ കള്ളപ്പണം എത്തിച്ചതിന് താൻ സാക്ഷിയാണെന്ന് ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തിയിരുന്നു. ഈ കള്ളപ്പണം സംബന്ധിച്ചും അന്വേഷണം വേണ്ടെന്നും മറ്റു കേസുകകളിൽ അന്വേഷണം ആവാം എന്നുമുള്ള ഇ ഡിയുടെ നിലപാടും ഇരട്ടത്താപ്പാണ്. കേരളത്തിലെ സർക്കാരിനെയും ഭരണകക്ഷിയെയും അസ്ഥിരപ്പെടുത്താനുള്ള എല്ലാ അവസരങ്ങളിലും ചാടി വീഴുന്ന ഇഡിക്ക് കിഫ്ബി ഉൾപ്പെടെയുള്ള കേസുകളിലും പുകമറ സൃഷ്ടിക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഇത്തരം കേസുകളിൽ കോടതികളിൽ നിന്ന് നിരന്തരം തിരിച്ചടി ഏൽക്കുന്നതും പതിവ് കാഴ്ചയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

