‘രാജ്യത്ത് 178 രൂപയ്ക്ക് ഒരു മനുഷ്യന് ജോലി ചെയ്യാൻ സാധിക്കുമോ?’; ലേബർ കോഡ്‌ മാറ്റത്തിൽ കടുത്ത വിമർശനം ഉന്നയിച്ച് എളമരം കരീം

ELAMARAM KAREEM ABOUT LABOUR CODE

രാജ്യത്ത് നിലവിൽ വന്ന പുതിയ ലേബർ കോഡുകൾ വഴി തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്ന രീതി ദുർബലമാവുകയും, ദേശീയതലത്തിൽ നിശ്ചയിച്ച പ്രതിദിന വേതനം 178 രൂപയായി കുറയുകയും ചെയ്തതിനെതിരെ കടുത്ത വിമർശനവുമായി എളമരം കരീം. നിലവിലുണ്ടായിരുന്ന മിനിമം വേജ് ആക്ട് ഇല്ലാതാക്കിയാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും, ഇത് തൊഴിലാളികളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്നും അദ്ദേഹം വിമർശിച്ചു.

നിലവിലുണ്ടായിരുന്ന 29 നിയമങ്ങൾ ക്രോഡീകരിച്ചാണ് നാല് ലേബർ കോഡുകൾ ഉണ്ടാക്കിയത്. ഇതിൽ ആദ്യത്തേത്, വേതനം സംബന്ധിച്ച നിയമങ്ങൾ കൂട്ടിച്ചേർത്ത ‘കോഡ് ഓൺ വേജ്’ ആണ്. ഈ പുതിയ നിയമം വന്നതോടെ മിനിമം വേജ് ആക്ട് ഫലത്തിൽ ദുർബലമായി ഇല്ലാതായി.

ALSO READ: നെടുങ്കണ്ടത്ത് ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിതരണം നടത്തുവാനായി ചാരായം വാറ്റിയ ആൾ പിടിയിൽ

മുമ്പ്, ഒരു തൊഴിലാളിക്കും അവരുടെ കുടുംബത്തിനും ഏറ്റവും ചുരുങ്ങിയ ചെലവിൽ ജീവിക്കാൻ ആവശ്യമായ കൂലി എന്താണ് എന്ന് നിർണയിക്കുന്ന ഒരു തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിനിമം വേതനം നിശ്ചയിച്ചിരുന്നത്. ഈ തത്വമനുസരിച്ച്, സംസ്ഥാനങ്ങളിൽ മിനിമം വേജ് അഡ്വൈസറി ബോർഡ് എന്നൊരു സംവിധാനം നിയമത്തിന് കീഴിൽ ഉണ്ടായിരുന്നു. ഇതിൽ ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിൽ ഉടമ പ്രതിനിധികൾ, ഗവൺമെന്റ് പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടിരുന്നു. ഒരു പ്രത്യേക തൊഴിൽ മേഖലയിലെ (ഉദാഹരണത്തിന്, പ്രൈവറ്റ് ആശുപത്രി ജീവനക്കാർ) മിനിമം വേതനം നിശ്ചയിക്കാൻ കമ്മിറ്റി രൂപീകരിക്കുകയും, ഇരുഭാഗത്തിന്റെയും വാദങ്ങൾ കേൾക്കുകയും, സ്ഥാപനങ്ങൾക്ക് കൂലിയായി എത്ര നൽകാൻ കഴിയുമെന്ന് കണക്കാക്കുകയും ചെയ്തിരുന്നു.

കൂലി നിർണ്ണയിക്കുമ്പോൾ, ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ ഭക്ഷണം, വസ്ത്രം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ചെലവുകൾ പരിഗണിച്ചിരുന്നു. ഒരു മനുഷ്യന് മനുഷ്യനായി ജീവിക്കാൻ ഏറ്റവും ചുരുങ്ങിയത് 2200 കലോറി ഊർജ്ജം ആവശ്യമാണ് (അല്ലെങ്കിൽ മോശമല്ലാതെ ജീവിക്കാൻ 1700-1800 കലോറി ഊർജ്ജം). ഈ ഊർജ്ജം ലഭിക്കാൻ ആവശ്യമായ ഭക്ഷണ വസ്തുക്കളുടെ വിലയെ ആസ്പദമാക്കിയാണ് കൂലി നിർണയിച്ചിരുന്നത്. കൂടാതെ, വ്യവസായത്തിന്റെ വരുമാനം കൂടി തിട്ടപ്പെടുത്തിയാണ് കൂലി നിശ്ചയിച്ചിരുന്നത്. ഈ സമ്പ്രദായം അനുസരിച്ച്, അഞ്ച് വർഷം കൂടുമ്പോൾ മിനിമം കൂലി കാലോചിതമായി പുതുക്കിയിരുന്നു.

പുതിയ ലേബർ കോഡ് നിലവിൽ വന്നതോടെ ഈ സമ്പ്രദായം പൂർണ്ണമായും ഇല്ലാതായി. ഇതിന് പകരമായി ഗവൺമെന്റ് ദേശീയതലത്തിൽ ഏകീകരിച്ച ഒരു കൂലി നടപ്പാക്കി. ഇതിനെ ‘നാഷണൽ ഫ്ലോർ വേജ്’ എന്ന് പറയുന്നു. ഈ നിയമത്തിൽ നിശ്ചയിച്ചിട്ടുള്ള ഒരു ദിവസത്തെ കൂലി 178 രൂപയാണ്. “178 രൂപയ്ക്ക് ഒരു മനുഷ്യനെ ജോലി ചെയ്യിക്കാൻ പറ്റുമോ? എത്ര അക്രമമാണ്, എന്തൊരു അനീതിയാണ് ഇത്” എന്ന് ചോദ്യമുന്നയിച്ചുകൊണ്ടാണ് കോഡ് ഓൺ വേജ് എന്ന നിയമം മുഖേന ഇന്ത്യാ രാജ്യത്ത് ഉണ്ടാകുന്ന ഈ പ്രശ്നം ചൂണ്ടിക്കാണിച്ചത്.

പുതിയ നിയമം നിലവിൽ വന്നതിനെക്കുറിച്ച് പാവപ്പെട്ട തൊഴിലാളികൾക്കൊന്നും അറിയില്ല. മിനിമം വേതനം എന്ന തത്വം ഫലത്തിൽ നടപ്പാക്കപ്പെട്ട സംസ്ഥാനങ്ങൾ ഇന്ത്യയിൽ കുറവാണ്. എങ്കിലും, ട്രേഡ് യൂണിയനുകൾ ശക്തമായി നിലനിൽക്കുന്ന കേരളം, ബംഗാൾ, ത്രിപുര, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലും, ട്രേഡ് യൂണിയൻ ശക്തമായ ബാംഗ്ലൂരിലും തൊഴിലാളികൾ ചില അവകാശങ്ങൾ പിടിച്ചുവാങ്ങിയിട്ടുണ്ട്. പണ്ട് ബോംബെയിലും തൊഴിലാളികൾ ഈ അവകാശം നേടിയിരുന്നു. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിലൊക്കെ തൊഴിലാളി പ്രസ്ഥാനം ദുർബലമായതിനാൽ അങ്ങേയറ്റം കുറഞ്ഞ കൂലിയാണ് ഇന്ന് ഇന്ത്യാ രാജ്യത്തെ തൊഴിലാളികൾക്ക് ലഭിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News